ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആവേശം നിറഞ്ഞ മത്സരത്തിൽ ലീഡ്സ് യൂണൈറ്റഡിനെതിരെ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം.ആദ്യപകുതിയിൽ രണ്ട് ഗോളിന് ലീഡ് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് പതിവ് രീതിയിൽ രണ്ട് ഗോളുകൾ വഴങ്ങി മത്സരം കൈവിട്ടെന്ന് തോന്നിച്ചെങ്കിലും പതറാതെ തിരിച്ചുവരികയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യത്തോടെയാണ് മത്സരം ആരംഭിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ച സുവർണാവസരം മുതലാക്കാനായില്ല.34 മത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ മുന്നിലെത്തി. ലൂക് ഷായുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ക്യാപ്റ്റൻ ഹാരി മഗ്വയർ ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്.
ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് ജേഡൻ സാഞ്ചോയുടെ പാസിൽ നിന്നും ഒരു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനു രണ്ടാം ഗോളും സമ്മാനിച്ചു. 53 മത്തെ മിനിറ്റിൽ ജൂനിയർ ഫിർപോയുടെ പാസിൽ നിന്നു ക്രോസ് ചെയ്യാനുള്ള റോഡ്രിഗോയുടെ ശ്രമം ഡിഹയെ മറികടന്നു ഗോൾ ആയതോടെ മത്സരത്തിൽ ലീഡ്സ് തിരിച്ചു വന്നു. തൊട്ടടുത്ത നിമിഷം ഡാനിയേൽ ജെയിംസിന്റെ പാസിൽ നിന്നു റഫീനിയ സമനില ഗോൾ കൂടി നേടി. 70 മത്തെ മിനിറ്റിൽ യുണൈറ്റഡ് ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിലെത്തി. സാഞ്ചോയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ഫ്രഡിന്റെ വകയായിരുന്നു ഗോൾ.88 ആം മിനിറ്റിൽ ആന്റണി എലാംഗ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം ഉറപ്പിച്ച നാലാം ഗോൾ കണ്ടെത്തി.ലീഗിൽ 46 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കി. മൂന്നാം സ്ഥാനക്കാരായ ചെൽസിയെക്കാൾ നാല് പോയിന്റ് മാത്രം പിന്നിലാണ് റെഡ് ഡെവിൾസ്.
സ്പാനിഷ് ലാ ലീഗയിൽ മികച്ച വിജയത്തോടെ ആദ്യ നാലിൽ സ്ഥാനം പിടിച്ച് ബാഴ്സലോണ. വലൻസിയക്കെതിരെ ഒബമയാങ് നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം.മത്സരത്തിൽ 23 മത്തെ മിനിറ്റിൽ ജോർദി ആൽബയുടെ ലോങ് ബോളിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഒബമയാങ് തന്റെ ആദ്യ ഗോൾ നേടി. 32 ആം മിനുട്ടിൽ ഡെമ്പേലയുടെ പാസിൽ നിന്നു ഫ്രാങ്കി ഡി ജോങ് ബാഴ്സക്ക് ആയി രണ്ടാം ഗോളും നേടി.
38 മത്തെ മിനിറ്റിൽ ഗാവിയുടെ പാസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ തന്റെ രണ്ടാം ഗോളും നേടിയ ഒബമയാങ് ബാഴ്സക്ക് മൂന്നാം ഗോളും സമ്മാനിച്ചു.ണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ബ്രയാൻ ഗില്ലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ കാർലോസ് സോളർ വലൻസിയക്ക് ആയി ഒരു ഗോൾ മടക്കി. എന്നാൽ 63 മത്തെ മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ പെഡ്രി ബാഴ്സലോണയുടെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. 24 മത്സരങ്ങളിൽ നിന്നും 42 പോയിന്റാണ് ബാഴ്സയ്ക്കുള്ളത് .
ജർമൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ നാല് ഗോളുകൾക്ക് അവസാന സ്ഥാനക്കാരായ ഗ്രേയ്തർ ഫുർത്തെയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം നാല് ഗോൾ നേടിയാണ് ബയേൺ വിജയം നേടിയത്.ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഫ്രീകിക്കിലൂടെ ബ്രൻമിർ ഹാഗോറ്റ സന്ദർശകരെ മുന്നിലെത്തിച്ചു . രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെവെൻഡോസ്കി ബയേണിനായി സമനില ഗോൾ നേടി.
61 ആം മിനുട്ടിൽ സെബാസ്റ്റ്യന്റെ സെൽഫ് ഗോൾ പിറന്നതോടെ ബയേൺ മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. 82 മത്തെ മിനിറ്റിൽ നിക്കോളാസ് സുളെയുടെ ഹെഡറിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ ലെവൻഡോവ്സ്കി ബയേണിന്റെ ജയം ഉറപ്പിച്ചു.ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ സെർജ് ഗനാബ്രിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ചുപോ മോട്ടങ് ആണ് ബയേണിന്റെ ജയം പൂർത്തിയാക്കിയത്. 23 മത്സരങ്ങളിൽ നിന്നും 55 പോയിന്റാണ് ബയേണിനുള്ളത്.