ക്യാമ്പ് നൂവിൽ ❝മെസ്സി..മെസ്സി❞ വിളികളുമായി ബാഴ്സലോണ ആരാധകർ |Lionel Messi

കോപ്പ ഡെൽ റേ സെമിയിൽ ബാഴ്‌സലോണ എതിരാളികളായ റയൽ മാഡ്രിഡിനോട് 4-0 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയപ്പോൾ ഹോം ആരാധകർ മത്സരത്തിലുടനീളം ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്യുകയായിരുന്നു. മെസ്സി ക്യാമ്പ് നൂവിലേക്ക് മടങ്ങുമെന്ന ഊഹാപോഹങ്ങൾ വളർന്നു കൊണ്ടിരിക്കുകയാണ്. കളിക്കിടെ മാത്രമല്ല മത്സരം ആരംഭിക്കുന്നതിന് മുമ്പ് സ്റ്റേഡിയത്തിന് പുറത്ത് നിൽക്കുന്ന ആരാധകരും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നത് കാണാമായിരുന്നു.

മാഡ്രിഡിനെതിരായ ഹോം മത്സരത്തിനിടെ കാണികൾ മെസ്സിയുടെ പേര് ചാന്റ് ചെയ്യുന്ന വീഡിയോകൾ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തു.മത്സരത്തിന്റെ പത്താം മിനുട്ടിലാണ് മെസിക്കായി ആരാധകർ ആർത്തു വിളിച്ചത്. ലയണൽ മെസി ബാഴ്‌സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്‌സിയുടെ പ്രതീകമായാണ് പത്താം മിനുട്ടിൽ മെസിയുടെ പേര് ക്യാമ്പ് നൂവിൽ മുഴങ്ങിയത്.

താരത്തിന്റെ തിരിച്ചു വരവിനെ ബാഴ്‌സലോണ ആരാധകർ അത്രയധികം ആഗ്രഹിക്കുന്നു എന്നു വ്യക്തമാണ്.പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുന്ന മെസിക്ക് അത് പുതുക്കാൻ യാതൊരു താൽപര്യവുമില്ല. ഈ സാഹചര്യത്തിലാണ് ബാഴ്‌സലോണ താരത്തിനായി ശ്രമം നടത്തുന്നത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി ഒരു തടസമാണെങ്കിലും സ്‌പോൺസർഷിപ്പ് ഡീലുകൾ വഴി അതിനെ മറികടന്ന് മെസിയെ എത്തിക്കാൻ കഴിയുമോയെന്നാണ് ക്ലബ് ഉറ്റു നോക്കുന്നത്.

2021 ൽ ഏകദേശം രണ്ട് പതിറ്റാണ്ടുകൾ ബാഴ്‌സലോണയിൽ ചെലവഴിച്ചതിന് ശേഷം, ക്ലബ്ബിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഒരു പുതിയ കരാർ മുന്നോട്ട് വയ്ക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടതിനാൽ ലയണൽ മെസ്സി കണ്ണീരോടെ വിട പറഞ്ഞു.ഇതോടെ ഈ ജൂണിൽ അവസാനിക്കുന്ന രണ്ട് വർഷത്തെ കരാറിൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിൽ (പിഎസ്ജി) ചേർന്നു.അടുത്തിടെ ലിയോണിനോട് 2-0ന് തോറ്റപ്പോൾ ഹോം ആരാധകർ മെസിക്ക് നേരെ കൂക്കി വിളിച്ചിരുന്നു.

മെസ്സിയുടെ കരാർ നീട്ടാൻ പിഎസ്ജി കഠിനമായി ശ്രമിക്കുമ്പോഴും മെസ്സിക്ക് ഫ്രാൻസിൽ തുടരാൻ താല്പര്യമില്ല.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് പാരീസ് ക്ലബ് വിട്ടാലും യൂറോപ്പിൽ തന്നെ തുടരും.ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി പ്രോ ലീഗിലെ അൽ-നാസറിന്റെ എതിരാളിയായ അൽ ഹിലാൽ, ഈ വേനൽക്കാലത്ത് മെസ്സിക്ക് 350 മില്യൺ പൗണ്ട് കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്.

Rate this post
Fc BarcelonaLionel Messi