ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടത് എല്ലാ അർത്ഥത്തിലും ക്ലബ്ബിന് തിരിച്ചടി തന്നെയാണ്. സാമ്പത്തികപരമായും സ്പോർട്ടിംഗ്പരമായും മെസ്സിയുടെ അഭാവം ബാഴ്സക്ക് നികത്താനാവാത്ത ഒന്ന് തന്നെയാണ്.എന്നിരുന്നാലും ബാഴ്സ ഇപ്പോൾ സാവിക്ക് കീഴിൽ തിരിച്ചു വരവിന്റെ പാതയിലാണ്.
പക്ഷേ ലയണൽ മെസ്സി ബാഴ്സക്ക് ആരായിരുന്നുവെന്ന് പറയാൻ ഒരൊറ്റ കണക്ക് മാത്രം മതി.അതായത് കഴിഞ്ഞ 15 മാസമായിട്ട് ബാഴ്സ ഒരൊറ്റ ഡയറക്റ്റ് ഫ്രീകിക്ക് ഗോൾ പോലും നേടിയിട്ടില്ല. അവസാനമായി ബാഴ്സ ജേഴ്സിയിൽ ഒരു ഫ്രീ കിക്ക് ഗോൾ പിറന്നിട്ട് ഏറെ കാലമായി. മാത്രമല്ല ലയണൽ മെസ്സിയാണ് അവസാനമായി ബാഴ്സക്ക് വേണ്ടി ഒരു ഡയറക്ട് ഫ്രീകിക്ക് ഗോൾ നേടിയിട്ടുള്ളത്.
2021 മെയ് രണ്ടാം തീയതി മെസ്റ്റല്ലയിൽ വെച്ച് നടന്ന മത്സരത്തിൽ ബാഴ്സ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. അന്ന് ലയണൽ മെസ്സി ഒരു ഫ്രീകിക്ക് ഗോൾ നേടിയിരുന്നു.അതിനുശേഷം ഇതുവരെ ബാഴ്സക്ക് ഒരൊറ്റ ഡയറക്റ്റ് ഫ്രീകിക്ക് ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അന്ന് മെസ്സി നേടിയത് ബാഴ്സക്ക് വേണ്ടി താരം നേടുന്ന അൻപതാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു.
Barça have yet to break their free kick drought since the departure of Lionel Messihttps://t.co/zpiYzHCciI
— SPORT English (@Sport_EN) September 4, 2022
ഫ്രീകിക്കുകൾ ലഭിക്കുന്നുണ്ടെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിയുന്നില്ല എന്നുള്ളതാണ് ബാഴ്സ താരങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സീസണിലും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല. ആകെ നാല് ഫ്രീകിക്കുകൾ ഈ സീസണിൽ ബാഴ്സക്ക് ലഭിച്ചിട്ടുണ്ട്. മൂന്നെണ്ണം റാഫീഞ്ഞ എടുത്തപ്പോൾ അൻസു ഫാറ്റി ഒരെണ്ണം എടുത്തു.എന്നാൽ ഇതൊന്നും ഗോളാക്കി മാറ്റാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
റാഫീഞ്ഞക്ക് പുറമേ ലെവന്റോസ്ക്കിയും ഫ്രീകിക്കുകൾ എടുക്കാനുള്ള സാധ്യതകൾ തെളിഞ്ഞ് വരുന്നുണ്ട്. അതേസമയം മെസ്സി പിഎസ്ജിയിൽ ചില സമയങ്ങളിൽ ഫ്രീകിക്ക് എടുക്കാറുമുണ്ട്. ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനു ശേഷം ഫ്രീകിക്ക് ഗോളുകൾക്ക് ബാഴ്സ ക്ഷാമം അനുഭവിക്കുന്നുണ്ട് എന്നുള്ളത് പച്ച പരമാർത്ഥമാണ്. പക്ഷേ സാവി ആ മേഖലയിലും പുരോഗതി കൊണ്ടുവരുമെന്നാണ് ബാഴ്സയുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.