കൂമാന്റെ വരവ് എഫ്സി ബാഴ്സലോണയിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ആരൊക്കെ ടീമിൽ വേണം, ആരൊക്കെ വേണ്ട, ആരൊക്കെ കൊണ്ടു വരണം എന്ന കാര്യത്തിൽ കൃത്യമായ പ്ലാനുകൾ ഉള്ളയാളാണ് കൂമാൻ എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ വ്യക്തമായ കാര്യമാണ്. ബാഴ്സ സ്‌ക്വാഡിൽ ഉള്ള മുഴുവൻ താരങ്ങളെയും ഫോണിൽ ബന്ധപ്പെട്ട കൂമാൻ അവരുടെ ബാഴ്സയിലെ ഭാവി അവരെ അറിയിച്ചിരുന്നു.
അങ്ങനെ പുറത്തേക്കുള്ള വഴി തുറന്ന സൂപ്പർ താരങ്ങളാണ് ലൂയിസ് സുവാരസ്, ഇവാൻ റാക്കിറ്റിച്, ആർതുറോ വിദാൽ, സാമുവൽ ഉംറ്റിറ്റി. ഇവർക്ക് തന്റെ ടീമിൽ ഇടമില്ലെന്ന് കൂമാൻ അറിയിച്ചിരുന്നു. എന്നാൽ കൂട്ടീഞ്ഞോ, പിക്വേ എന്നിവരെ ആവിശ്യമുണ്ടെന്നും ബുസ്ക്കെറ്റ്സ്, ആൽബ എന്നിവർക്ക് ഇമ്പ്രൂവ് ആവാൻ സമയം കൊടുക്കുമെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്. മെസ്സിയുടെ കാര്യം താരവും ക്ലബും കൂടി തീരുമാനിച്ചേക്കും.
എന്നാൽ ഇപ്പോൾ സുപ്പർ താരം ലൂയിസ് സുവാരസിനെ തങ്ങൾക്ക് ആവിശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ട് ട്രാൻസ്ഫർ ജാലകത്തിൽ പ്രവേശിച്ചിരിക്കുകയാണ് ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ഇന്റർമിയാമി. എംഎൽഎസ്സിലെ ക്ലബായ ഇന്റർമിയാമി സൂപ്പർ താരങ്ങളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. യുവന്റസ് താരം ബ്ലൈസ് മറ്റിയൂഡിയെ ഇവർ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലൂയിസ് സുവാരസിനെ ആവിശ്യപ്പെട്ടത്. കൂടാതെ കവാനി ബെക്കാമിന്റെ പരിഗണനയിൽ ഉണ്ട്.
നിലവിൽ നാലുലക്ഷത്തിഅൻപതിനായിരം യുറോയാണ് സുവാരസിന്റെ ആഴ്ച്ചയിലെ വേതനം. താരത്തെ ക്ലബിൽ എത്തിക്കാൻ വേണ്ടി ഇതിൽ കൂടി ഇന്റർ മിയാമി വാഗ്ദാനം ചെയ്‌തേക്കും. എന്നാൽ സുവാരസ് ഓഫർ സ്വീകരിക്കുമോ എന്നത് സംശയാസ്പദമാണ്. കാരണം താരത്തിന് യൂറോപ്പിൽ തന്നെ കളിച്ചു കൊണ്ട് ചാമ്പ്യൻസ് ലീഗിൽ പങ്കാളിയാവാൻ ആഗ്രഹമുണ്ട്. പക്ഷെ പരിക്കാണ് താരത്തെ അലട്ടുന്ന മറ്റൊരു കാര്യം. ഏതായാലും സുവാരസ് ബാഴ്സ വിടുമെന്നത് ഏകദേശം ഉറപ്പായ കാര്യമാണ്.