മുൻ സ്പാനിഷ് സൂപ്പർ താരം ഫെർണാണ്ടോ ടോറസ് ബോയ്ഹുഡ് ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചു വന്നു.അടുത്ത സീസണിൽ ക്ലബ്ബിന്റെ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായി താരത്തെ നിയമിച്ചു. കഴിഞ്ഞ വർഷം അറ്റ്ലെറ്റിക്കോയുമായുള്ള രണ്ടാമത്തെ സ്പെൽ അവസാനിപ്പിച്ചതിന് ശേഷം 2019 ൽ ഗെയിമിൽ നിന്ന് വിരമിച്ച മുൻ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിൽ പരിശീലകനായി ചേർന്നിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ റിസർവ് ടീമുമായുള്ള തന്റെ റോളിൽ നിന്ന് മാറി.ടോറസ് അറ്റ്ലെറ്റിക്കോയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്.
2001 ൽ ടീമിലേക്ക് കടന്നതുമുതൽ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് മുൻ ലിവർപൂൾ ചെൽസി സ്ട്രൈക്കർ. 15 മത്തെ വയസ്സിൽ സ്പാനിഷ് ക്ലബ്ബുമായി പ്രൊഫെഷണൽ കരാറിലേർപ്പെട്ട താരമാണ് 37 കാരൻ.2007 ൽ ലിവർപൂളിൽ ചേർന്നതിനുശേഷവും അദ്ദേഹം ആരാധകരുടെ പ്രിയങ്കരനായി തുടർന്നു. 2015 ൽ ക്ലബ്ബിൽ തിരിച്ചെത്തിയ താരത്തെ വിസെൻറ് കാൽഡെറോണിലേക്ക് 45,000 വരുന്ന ആരാധകരുടെ പിന്തുണയോടെയാണ് വരവേറ്റത്.
ക്ലബ്ബുമായുള്ള അവസാന സീസണിൽ അറ്റ്ലെറ്റിക്കോയ്ക്കൊപ്പം മാഴ്സയെ 3 -0 നു പരാജയപ്പെടുത്തി യൂറോപ്പ ലീഗ് കിരീടം നേടി.ക്ലബ്ബിന്റെ പുതിയ വാണ്ട മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ഐബറിനെതിരെ രണ്ടുതവണ സ്കോർ ചെയ്തു കൊണ്ടാണ് ടോറസ് അത്ലറ്റിക്കോയോട് വിട പറഞ്ഞത്.ഒരു വർഷത്തിനുശേഷം ജപ്പാനിലെ സാഗൻ ടോസുവിനൊപ്പം ബൂട്ട് കെട്ടിയാണ് കരിയർ അവസാനിപ്പിച്ചത്.
2001 മുതൽ 2007 വരെ അത്ലറ്റികോയിൽ തുടർന്ന ടോറസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറി. നാല് വര്ഷം ലിവർപൂളിൽ ചിലവഴിച്ച താരം അവർക്കായി 142 മത്സരങ്ങളിൽ നിന്നും 81 ഗോളുകൾ നേടി. 2011 ൽ ചെൽസിയിലേക്ക് കൂടുമാറിയ ടോറസ് അഞ്ചു വർഷം ലണ്ടൺ ക്ലബ്ബിൽ തുടർന്നു. അവർക്കൊപ്പം എഫ്എ കപ്പ് ,ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവ സ്വന്തമാക്കി. അവർക്കായി 172 മത്സരങ്ങളിൽ നിന്നും 45 ഗോളുകൾ നേടി. അതിനിടയിൽ എസി മിലാനിലും അത്ലറ്റികോ മാഡ്രിഡിലും ലോണിൽ പോയ താരം 2017 ൽ അത്ലറ്റിക്കോയിൽ സ്ഥിരം കരാറൊപ്പിട്ടു. സ്പെയിനോപ്പം വേൾഡ് കപ്പും യൂറോ കപ്പും നേടിയ താരം 2012 ലെ യൂറോ കപ്പിൽ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. ഡിസിസി ടീമിനൊപ്പം 110 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടിയിട്ടുണ്ട്.