❛ഇസ്രായേലിനെ കളിപ്പിച്ചു ഞങ്ങൾക്കൊരു ലോകകപ്പ് നടത്തേണ്ട❜

2023 മെയിൽ നടക്കാനിരിക്കുന്ന അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടാൻ അർജന്റീന യുവ നിരക്ക് സാധിച്ചിരുന്നില്ല.സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നാല് സ്ഥാനങ്ങളിൽ ഉൾപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് അർജന്റീനക്ക് യോഗ്യത നഷ്ടമായത്. എന്നാൽ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ ക്ലൗഡിയോ ടാപ്പിയ നടത്തിയ സന്ദർഭോചിതമായ ഇടപെടലുകൾ അണ്ടർ 20 ലോകകപ്പ് കളിക്കാൻ അർജന്റീന ദേശീയ ടീമിന് അവസരം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫിഫ അർജന്റീനയെ അണ്ടർ 20 ലോകകപ്പിന്റെ ആതിഥേയ രാജ്യമായി പ്രഖ്യാപിച്ചതോടെയാണ് യോഗ്യത നേടാതെ അവർ ലോകകപ്പിനായി എത്തുന്നത്.

നേരത്തെ ഇന്തൊനീഷ്യയാണ് ലോകകപ്പിന്റെ വേദിയായി തീരുമാനിച്ചിരുന്നത്. എന്നാൽ മുസ്ലിം ഭൂരിപക്ഷ രാജ്യമായ അവിടെ നടക്കുന്ന ലോകകപ്പിൽ ഇസ്രായേൽ കളിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്ന് ഇന്തോനേഷ്യയിൽ വെച്ച് മത്സരം നടത്താനുള്ള തീരുമാനത്തിൽ നിന്നും ഫിഫ പിൻമാറിയതിനെ തുടർന്നാണ് അർജന്റീനക്ക് നറുക്ക് വീണത്.

ഇന്തോനേഷ്യയെ ഒഴിവാക്കിയപ്പോൾ തന്നെ ടാപ്പിയ കൃത്യമായ നീക്കങ്ങൾ ലോകകപ്പ് വേദിക്കായി നടത്തുകയും അതിൽ വിജയം നേടുകയുമായിരുന്നു. ഖത്തർ ലോകകപ്പ് വിജയം നേടിയ അർജന്റീന രണ്ടു കയ്യും നീട്ടിയാണ് ലോകകപ്പ് നടത്താൻ വേണ്ടി വന്നതെന്നും ഇത്രയും ചെറിയ സമയത്തിൽ ലോകകപ്പ് നടത്താനുള്ള അവരുടെ ശ്രമത്തിനു അഭിനന്ദനങ്ങൾ നൽകുന്നുവെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.

സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ പല മികച്ച താരങ്ങളും ഇല്ലാതിരുന്നത് അർജന്റീനക്ക് തിരിച്ചടിയായിരുന്നു. എന്നാൽ മെയ്-ജൂൺ മാസങ്ങളിൽ നടക്കുന്ന മത്സരത്തിൽ ഈ താരങ്ങളെ ഉൾക്കൊള്ളിക്കാമെന്നത് അർജന്റീനക്ക് പ്രതീക്ഷയാണ്. ആറു തവണ ലോകകപ്പ് കിരീടമെന്ന റെക്കോർഡ് സ്വന്തമായുള്ള അർജന്റീനക്ക് അത് ഒന്നുകൂടി മികച്ചതാക്കാനുള്ള അവസരമാണ് ഈ ടൂർണമെന്റ്

Rate this post
Argentina