അർജന്റീനക്കെതിരെ 68ലക്ഷം രൂപ പിഴയും ഉപരോധങ്ങളും ഏർപ്പെടുത്തി ഫിഫ

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആറിൽ അഞ്ച് മത്സരങ്ങളും വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനത്തു മുന്നേറുകയാണ്. ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന 2024ലെ കോപ്പ അമേരിക്ക ടൂർണമെന്റ് വരാനിരിക്കവെ ഇനി ലോകകപ്പ് യോഗ്യത മത്സരങ്ങൾ ടൂർണമെന്റിനു മുൻപായി ടീമുകൾക്ക് കളിക്കാനുണ്ടാവില്ല.

അതേസമയം അടുത്തതായി നടക്കുന്ന അർജന്റീനയുടെ ഹോം മത്സരത്തിന് ചില ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഫിഫ. അർജന്റീന ദേശീയ ടീമിന് മോശമായ പ്രവർത്തനങ്ങൾ കാരണമാണ് ഈ ഉപരോധങ്ങൾ ഫിഫ ഏർപ്പെടുത്തിയിരിക്കുന്നത്. അർജന്റീനയുടെ അടുത്ത ഹോം മത്സരത്തിൽ പകുതി കാണികളെ മാത്രമേ സ്റ്റേഡിയത്തിനുള്ളിലേക്ക് കയറ്റാൻ ഫിഫ അനുമതി നൽകിയിട്ടുളൂ.

മാത്രമല്ല ഏകദേശം 70,000 സ്വിസ് ഫ്രാങ്ക് പിഴയായി അർജന്റീന നൽകണമെന്നും ഫിഫ പറഞ്ഞു. ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപയായിരിക്കും അർജന്റീന പിഴയായി നൽകാൻ ഒരുങ്ങുന്നത്. സാധ്യതകൾ നോക്കുമ്പോൾ അർജന്റീനയുടെ അടുത്ത ഹോം മത്സരം കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ സെപ്റ്റംബർ മാസത്തിൽ ചിലിയെയാണ് നേരിടുന്നത്.

ഇത്തരം ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ കാരണമായി ഫിഫ ചൂണ്ടിക്കാണിച്ചത് ഇക്വഡോറിനെതിരായ മത്സരത്തിലെ ആരാധകരുടെ വിവേചനം, ഉറുഗ്വക്കെതിരായ മത്സരത്തിൽ മൈതാനത്തിലെ അധിനിവേശം, ബ്രസീലിനെതിരായ മത്സരത്തിലെ ക്രമക്കേട് എന്നിവയാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഫിഫ അർജന്റീനക്ക് അടുത്ത ഹോം മത്സരത്തിലുൾപ്പടെ പിഴയും ശിക്ഷയും നൽകിയത്. അതെസമയം 2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടി ഫോക്കസ് ചെയ്യുകയാണ് സ്കാലോണിയും ടീമും.

3.2/5 - (12 votes)