ഇന്ത്യക്ക് മേലുള്ള ഫിഫ വിലക്ക് നീക്കി, വേൾഡ് കപ്പ് ഇന്ത്യയിൽ തന്നെ നടക്കും

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മേൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി ഫിഫ. ഇന്നലെ രാത്രി വൈകിയാണ് ഇക്കാര്യത്തിൽ ഫിഫ തീരുമാനം വന്നത്. . കൗൺസിൽ ബ്യൂറോ യോഗത്തിലാണ് വിലക്ക് അടിയന്തരമായി നീക്കാൻ തീരുമാനമെടുത്തത്. ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു.

തുടർന്ന് ഫിഫ ചട്ടപ്രകാരമുള്ള ഭരണ സമിതി ഇലക്ഷനിലൂടെ ഭരണം ഏറ്റെടുക്കുമെന്ന ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് ഫിഫയുടെ അനുകൂല തീരുമാനം. വിലക്ക് നീങ്ങിയതോടെ ഒക്ടോബർ 11 മുതൽ 30 വരെ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥ്യം വഹിക്കും.മോഹൻ ബഗാന് എ എഫ് സി കപ്പിൽ കളിക്കാനും ആകും. വിലക്ക് കൊണ്ട് ഗോകുലം കേരളക്ക് ഉണ്ടായ നഷ്ടം പക്ഷെ നികത്താൻ ആവില്ല. ഗോകുലം കേരളക്ക് എ എഫ് സി ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ ആയിരുന്നില്ല.

കഴിഞ്ഞ ദിവസം വിലക്ക് മാറ്റാൻ ആവശ്യപ്പെട്ട് എ ഐ എഫ് എഫ് ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീ. സുനന്ദോ ധർ ഫിഫയ്ക്ക് കത്ത് അയച്ചിരുന്നു.സുപ്രീം കോടതി CoA മാൻഡേറ്റ് പൂർണ്ണമായി പിൻവലിക്കുനകയും AIFF-ന്റെ ഭരണ ചുമതല AIFFലേക്ക് തന്നെ തിരികെയെത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ മുൻ താരങ്ങൾക്ക് വോട്ടിങ് എന്നതും വേണ്ടെന്ന് വെച്ചിരുന്നു. ഇത് രണ്ടുമായിരുന്നു ഫിഫയും ആവശ്യപ്പെട്ടത്.ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റ് 15നു ചേർന്ന ഫിഫ കൗൺസിൽ ബ്യൂറോ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്.

ഫിഫ വിലക്ക് കാരണം ഉപേക്ഷിക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇയിലെ പ്രീസീസൺ മത്സരങ്ങൾ വിലക്ക് മാറി എന്നത് കൊണ്ട് നടക്കില്ല. നേരത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ ടൂറിലെ മത്സരങ്ങൾ നടക്കില്ല എന്ന് ക്ലബ് അറിയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളുടെ സമയം കഴിഞ്ഞു എങ്കിലും ഓഗസ്റ്റ് 28ന് നടക്കേണ്ട അവസാന പ്രീസീസൺ മത്സരം എങ്കിലും നടക്കുമെന്ന് വിചാരിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ നിന്ന് തിരിച്ചുവരുന്നത് നീട്ടാൻ തീരുമാനിച്ച് പുതിയ സൗഹൃദ മത്സരങ്ങൾ സങ്കടിപ്പിക്കാൻ ശ്രമിച്ചാൽ മാത്രമെ യു എ ഇയിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കാൻ സാധ്യതയുള്ളൂ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒരുക്കങ്ങൾക്ക് വിലക്ക വലിയ തിരിച്ചടിയാണ് നൽകിയത്.പരിശീകൻ വുകമനോവിച്ച് ഇതിനെകുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.

Rate this post