❛❛ഖത്തര്‍ ലോകകപ്പ് നറുക്കെടുപ്പ് ഇന്ന് ,മരണ ഗ്രൂപ്പിൽ ആരെല്ലാം ?❜❜| FIFA World Cup | Qatar 2022

ഫുട്ബോള്‍ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം ഇന്ന് നടക്കും. മത്സരിക്കുന്ന 32 ടീമുകളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായില്ലെങ്കിലും നറുക്കെടുപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം. ഇന്ത്യന്‍ സമയം രാത്രി 9.30ന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് നറുക്കെടുപ്പ്. നിലവിൽ യോഗ്യത നേടിയ 29 ടീമുകളാണ് നറുക്കെടുപ്പിൽ ഉണ്ടാവുക. ബാക്കി മൂന്നു ടീമുകൾ പിന്നീട് നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങൾക്കു ശേഷമേ യോഗ്യത ഉറപ്പാക്കുകയുള്ളൂ.

ഇതുവരെ യോഗ്യത നേടിയ 29 ടീമുകളെ ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും നാല് പോട്ടുകളായി വേര്‍തിരിക്കുക. ഒന്നാമത്തെ പോട്ടില്‍ ആതിഥേയത്വം വഹിക്കുന്ന ഖത്തറും ഫിഫ റാങ്കിങ്ങിലെ ആദ്യ ഏഴ് സ്ഥാനക്കാരുമുണ്ടാകും.യോഗ്യത നേടിയ ടീമുകളുടെ റാങ്കിങ്ങിൽ എട്ട് മുതല്‍ 15 സ്ഥാനങ്ങൾ വഹിക്കുന്ന രാജ്യങ്ങള്‍ പോട്ട് രണ്ടിലായിരിക്കും. അതേസമയം 16-23 റാങ്കുലുള്ള യോഗ്യത നേടിയ ടീമുകള്‍ പോട്ട് മൂന്നിലായിരിക്കും. 24 മുതല്‍ 28 വരെ റാങ്കിങ്ങില്‍ ഉള്ളവരായിരിക്കും പോട്ട് നാലില്‍. കൂടാതെ ഇന്റർകോണ്ടിനെന്റൽ പ്ലേ-ഓഫിലെ രണ്ട് വിജയികളെയും ശേഷിക്കുന്ന യുവേഫ പ്ലേ-ഓഫ് വിജയികളും പോട്ട് നാലില്‍ വരും.

നാല് രാജ്യങ്ങൾ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് ലോകകപ്പിന് ടീമുകളെ തരം തിരിക്കുക. ഇനി യോഗ്യത നേടാൻ ബാക്കിയുള്ള രണ്ടു ടീമുകൾ ജൂണിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിലൂടെ ലോകകപ്പിനെത്തും. മറ്റൊരു ടീം യൂറോപ്യൻ പ്ലേ ഓഫിലൂടെയാണ് യോഗ്യത നേടുക. ആ മത്സരത്തിൽ വെയിൽസ്‌ സ്കോട്ട്ലാന്ഡിനെയോ യുക്രൈനെയോ നേരിടും.ജൂണ്‍ 13, 14 തീയതികളിലാണ് വന്‍കരാ പ്ലേഓഫ് മത്സരങ്ങള്‍.

ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ യോഗ്യത ഉറപ്പാക്കി. യൂറോപ്പില്‍ നിന്ന് ജര്‍മനി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോളണ്ട്, പോര്‍ച്ചുഗല്‍, പോളണ്ട്.ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, അര്‍ജന്റീന, ഇക്വഡോര്‍, ഉറുഗ്വെ ടീമുകളാണ് എത്തുന്നത്. ആഫ്രിക്കയില്‍ നിന്ന് കാമറൂണ്‍, മൊറോക്കോ, സെനഗല്‍, ഘാന, ടുണീഷ്യ ടീമുകള്‍.വടക്കേ അമേരിക്കയില്‍ നിന്ന് കാനഡ, മെക്‌സിക്കോ, യുഎസ്എ ടീമുകളും സീറ്റുറപ്പിച്ചു. ഏഷ്യയില്‍ നിന്ന് ഇറാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ജപ്പാന്‍ ടീമുകളും യോഗ്യത ഉറപ്പാക്കി.ന്യൂസിലന്‍ഡ്, കോസ്റ്റ റിക്ക, വെയ്ല്‍സ്, സ്‌കോട്‌ലന്‍ഡ്, യുക്രൈന്‍, പെറു, ഓസ്‌ട്രേലിയ, യുഎഇ ടീമുകള്‍ക്കാണ് സാധ്യത അവശേഷിക്കുന്നത്.

പോട്ട് 1-ഖത്തർ, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ. പോട്ട് 2-മെക്‌സിക്കോ, നെതർലാൻഡ്‌സ്, ഡെന്മാർക്ക്, ജർമനി, യുറുഗ്വായ്, സ്വിറ്റ്‌സർലൻഡ്, യുഎസ്എ,ക്രൊയേഷ്യ.പോട്ട് 3-സെനഗൽ, ഇറാൻ, ജപ്പാൻ, മൊറോക്കോ, സെർബിയ, പോളണ്ട്, കൊറിയ റിപ്പബ്ലിക്ക്, ടുണീഷ്യ.പോട്ട് 4-കാമറൂൺ, കാനഡ, ഇക്വഡോർ, സൗദി അറേബ്യ, ഘാന എന്നിവർക്കൊപ്പം ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് വിജയിക്കുന്ന രണ്ടു ടീമുകളും യൂറോപ്യൻ പ്ലേ ഓഫ് വിജയിക്കുന്ന ടീമും ഇടം നേടും.

Rate this post
FIFA world cupQatar world cupQatar2022