❝ലയണൽ മെസി മുന്നിൽ നയിച്ചു ,യൂറോപ്പും കീഴടക്കി അർജന്റീന❞ | Argentina

വെബ്ലിയിൽ യൂറോപ്യൻ കരുത്തരായ ഇറ്റലിയെ എതിരില്ലാത്ത 3 ഗോളുകൾ കീഴടക്കി ഫൈനൽസിമ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് അർജന്റീന. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങിയ അര്ജന്റീന എല്ലാ തലത്തിലും ഇറ്റലിയെ പിന്നിലാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.ആദ്യ പകുതിയിൽ സ്‌ട്രൈക്കർ ലാറ്റൂരോ മാർട്ടിനെസും , ഡി മരിയയും രണ്ടാം പകുതിയിൽ ഡിബാലയും നേടിയ ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. 2021 ലെ കോപ്പ അമേരിക്കക്ക് ശേഷം മെസ്സിക്കും സംഘത്തിനും വീണ്ടുമൊരു കിരീടത്തിൽ മുത്തമിടാൻ സാധിച്ചു. അർജന്റീനയുടെ തോൽവി അറിയാതെയുള്ള 32 മത്തെ മത്സരമായിരുന്നു ഇത് .

വെബ്ലിയിൽ കരുതലോടെയാണ് ഇരു ടീമുകളും മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളിൽ തന്നെ മത്സരത്തിന്റെ നിയന്ത്രണം അര്ജന്റീന ഏറ്റെടുത്തു . ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഏഴാം മിനുട്ടിൽ അർജന്റീനക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും മെസ്സിയുടെ ഷോട്ട് വാളിൽ തട്ടി തെറിച്ചു. എന്നാൽ പത്തു മിനുട്ടിനു ശേഷം മുന്നേറ്റങ്ങളുമായി മത്സരത്തിലേക്ക് കടന്നു വന്നു.

28 ആം മിനുട്ടിൽ അര്ജന്റീന മുന്നിലെത്തി. ഇടതു വിങ്ങിൽ നിന്നും ലയണൽ മെസ്സിയുടെ വ്യക്തിഗത മികവിൽ തളികയിൽ എന്ന പോലെ കൊടുത്ത പാസ് ലാറ്റൂരോ മാർട്ടിനെസിന്‌ ഒന്ന് തട്ടിയിടേണ്ടി വന്നുള്ളൂ സ്കോർ 1 -0. മെസ്സി എന്താണെന്ന് വിളിച്ചോതുന്ന ഒരു അസിസ്റ്റായിരുന്നു അത്. രണ്ടു മിനുട്ടിനു ശേഷം നിക്കോളോ ബരെല്ലയുടെ ഒരു ലോങ്ങ് റേഞ്ച് പണിപ്പെട്ടാണ് അർജന്റീന കീപ്പർ എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റിയത്. ഒന്നാംപകുതി അവസാനിക്കുന്നതിന് മുൻപ് ഡി മരിയയുടെ മികച്ച ഫിനിഷിംഗിലൂടെ അര്ജന്റീന ലീഡുയർത്തി. ലാറ്റൂരോ മാർട്ടിനെസിന്റെ മികച്ച പാസിൽ നിന്നായിരുന്നു പിഎസ്ജി താരത്തിന്റെ ഗോൾ പിറന്നത്.

രണ്ടാം പക്തിയിൽ ഇറ്റാലിയൻ നിരയിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും അര്ജന്റീന ആക്രമിച്ചു കൊണ്ടേയിരുന്നു. 60 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ ഇടം കാലുകൊണ്ട് തൊടുത്തു വിട്ട മികച്ചൊരു കർവ് ഷോട്ട് ഇറ്റാലിയൻ ഗോൾ കീപ്പർ മികച്ചൊരു സേവിലൂടെ തട്ടിയകറ്റി. രണ്ടു മിനുട്ടിനു ശേഷം ഡി മരിയയുടെ മറ്റൊരു ലോങ്ങ് റേഞ്ച് ഷോട്ട ഗോൾ കീപ്പർ കൈപ്പിടിയിൽ ഒതുക്കി. 64 ആം മിനുട്ടിൽ അര്ജന്റീന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയുടെ ഷോട്ട് പുറത്തേക്ക് പോയി. 66 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് കീപ്പർ ജിയാൻലൂജി ഡോണാരുമ്മ തടുത്തിട്ടു.

70 ആം മിനുട്ടിൽ ബോക്‌സിന്റെ അരികിൽ നിന്ന് നിന്നും മെസ്സിയുടെ ഷോട്ട് ജിയാൻലൂജി ഡോണാരുമ്മ ഒരു മികച്ച സേവ് നടത്തി. 80 ആം മിനുട്ടിൽ ഡി മരിയയുടെ പാസിൽ നിന്നും സെൽസോക്ക് മികച്ച വസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഇറ്റാലിയൻ ഡിഫെൻഡർ ഹെഡ്ഡ് ചെയ്ത് അകറ്റി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ഡിബാല അർജന്റീനയുടെ മൂന്നാമത്തെ ഗോൾ നേടി വിജയമുറപ്പിച്ചു.

Rate this post
ArgentinaFinalissimaItaly