“ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇറ്റലി അർജന്റീന പോരാട്ടത്തിന്റെ തീയതിയും വേദിയും തീരുമാനമായി”

യൂറോപ്പിലെ ചാമ്പ്യന്മാർ സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരുമായി നേർക്കുനേർ ഏറ്റുമുട്ടാൻ വെംബ്ലി സ്റ്റേഡിയം തയ്യാറായി കഴിഞ്ഞു. ജൂൺ ഒന്നിനാണ് ദക്ഷിണ അമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും തമ്മിലുള്ള സൂപ്പർ പോരാട്ടം നടക്കുന്നത്.

29 വർഷത്തിന് ശേഷം ആദ്യമായി, രണ്ട് ഭൂഖണ്ഡങ്ങളിലെയും മുൻനിര ദേശീയ ടീമുകൾ CONMEBOL-UEFA കപ്പ് ഓഫ് ചാമ്പ്യൻസിന് വേണ്ടി പോരാടും. 1993 നു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പോരാട്ടം നടക്കുന്നത്.ലോകമെമ്പാടുമുള്ള കാൽപ്പന്ത് ആരാധകർ ആവേശത്തോടെയാണ് വൻകരയുടെ പോരാട്ടത്തെ കാത്തിരിക്കുന്നത്.

യൂറോപ്പിലെ ഫുട്ബോൾ അധികാരികളായ യുവേഫയും ലാറ്റിനമേരിക്കയിലെ ഫുട്ബോൾ നേതൃത്വമായ കോൺമിനബോളും ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അർജന്റീന-ഇറ്റലി പോരാട്ടത്തിന് ധാരണയായത്. രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതികളെ എതിർത്ത് തോൽപ്പിക്കാനുള്ള യുവേഫ-കോൺമിബോൾ കൂട്ടുകെട്ടിന്റെ ഭാ​ഗം കൂടിയാണ് ഈ മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കിരീടമുയർത്തിയത്. അർജന്റീനയാകട്ടെ ആതിഥേയരായ ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ വീഴ്ത്തിയാണ് ലാറ്റിനമേരിക്കയിലെ രാജാക്കന്മാരായത്. 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ചുകൊണ്ടുള്ള വിജയമായരുന്നു അർജന്റീനയുടേത്.

1993 ൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഡീഗോ മറഡോണയുടെ നേതൃത്വത്തിലുള്ള അർജന്റീന 1992 ലെ യൂറോ ചാമ്പ്യന്മാരായ ഡെന്മാർക്കിനെ പരാജയപ്പെടുത്തി. പെനാൽറ്റിയിൽ ആയിരുന്നു അർജന്റീന ഡെൻമാർക്കിനെ പരാജയപ്പെടുത്തിയത്. ആൽബിസെലെസ്‌റ്റിക്ക് മെസ്സിയുലൂടെ ഈ വർഷം ഒരിക്കൽ കൂടി അത് നേടാനുള്ള അവസരമുണ്ട്.1985-ൽ നടന്ന ഉദ്ഘാടന എഡിഷനിൽ ഫ്രാൻസ് യുറുഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ആദ്യ കിരീടം നേടി.

Rate this post
ArgentinaFinalissimaItaly