ജുവെന്റ്സ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയടുത്ത് ഫുട്ബോൾ രാജാവായ പെലേയുടെ ഒരു റെക്കോർഡ് തകർത്തിരുന്നു. ആദ്യം സംഭവത്തെ കുറിച്ചു പ്രതികരിക്കാതെയിരുന്ന പെലേ ഇപ്പോഴിതാ താരത്തിന്റെ കഴിവിനെ അംഗീകരിച്ചിരിക്കുകയാണ്.
ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന ബഹുമതിയാണ് ക്രിസ്റ്റ്യാനോ തന്റെ പേരിലാക്കിയത്.
സംഭവത്തെ കുറിച്ചു ഇപ്പോഴും ആരാധകർക്കിടയിലും ഫുട്ബോൾ പണ്ഡിറ്റുകൾക്കിടയിലും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. ആരാണ് യഥാർത്ഥത്തിൽ ഏറ്റവും ഗോളുകൾ നേടി എന്നതിനെ ചൊല്ലിയാണ് ചർച്ച.
1000 ഗോളുകളുമായി പെലേയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയെന്ന് ഒരു പക്ഷം പറയുമ്പോൾ, മറുപക്ഷം 805 ഔദ്യോഗിക ഗോളുകൾ നേടിയിട്ടുള്ള ഓസ്ട്രിയൻ ഇതിഹാസം ജോസെഫ് ബിക്കാനാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതെന്നാണ് വാദിക്കുന്നത്.
ഇന്നലെ സീരി എയിൽ കാഗ്ലിയാരിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജുവെന്റ്സ് ജയിച്ചിരുന്നു. ആദ്യ പകുതിയിൽ തന്നെ മികച്ചൊരു ഹാട്ട്റിക്ക് നേടിയ റൊണാൾഡോയാണ് ജുവെന്റ്സിനെ വിജയത്തിലേക്ക് നയിച്ചത്. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് പെലേ രംഗത്തെത്തിയിരിക്കുകയാണ്.
“ക്രിസ്റ്റ്യാനോ, ജീവിതമെന്നുള്ളത് ഒരു യാത്രയാണ്. ഓരോരുത്തരും അവരുടെ യാത്രകളെ അവർ തന്നെ നയിക്കുമ്പോൾ നി എത്ര സുന്ദരമായ യാത്രയെയാണ് നയിക്കുന്നത്!” പെലേ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിങ്ങനെ.
“എന്റെ അഭിനന്ദനങ്ങൾ, എനിക്ക് നി കളിക്കുന്നത് കാണാൻ വളരെ ഇഷ്ടമാണ്. അത് ഒരു രഹസ്യവുമല്ല.”
“ഔദ്യോഗിക മത്സരങ്ങളിലെ എന്റെ റെക്കോർഡ് തകർത്തതിന് അഭിനന്ദനങ്ങൾ. എന്റെ ഒരേയൊരു വിഷമം എനിക്ക് ഇന്ന് നിന്നെയൊന്ന് കെട്ടിപിടിക്കാൻ കഴിഞ്ഞില്ലലോ എന്നോർത്താണ്.”