ബാഴ്സ പരിശീലകന്റെ നിർദ്ദേശങ്ങളെ പരസ്യമായി അവഗണിക്കുന്ന മെസി, വീഡിയോ വൈറലാകുന്നു

ബാഴ്സയിലെ പ്രശ്നങ്ങൾ അതീവ ഗുരുതരമാകുന്നതിന്റെ സൂചനകൾ നൽകി പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാഴ്സ നായകനായ ലയണൽ മെസി സഹപരിശീലകനായ എഡർ സറാബിയയുടെ നിർദ്ദേശങ്ങളെ പരസ്യമായി അവഗണിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ജനുവരിയിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത സെറ്റിയനിൽ മെസിക്കു താൽപര്യമില്ലെന്നതിന്റെ കൂടുതൽ തെളിവുകളാണ് ഇതു നൽകുന്നത്.

സെൽറ്റ വിഗോക്കെതിരായ ലാലിഗ മത്സരത്തിനിടെ കൂളിംഗ് ബ്രേക്കിനായി താരങ്ങൾ എത്തിയപ്പോൾ മെസിക്ക് ടാക്ടിക്കൽ നിർദ്ദേശങ്ങൾ നൽകാൻ സറാബിയ ശ്രമിക്കുന്നതും എന്നാൽ ബാഴ്സ സഹപരിശീലനെ പൂർണമായും അവഗണിച്ച് മെസി മാറിപ്പോകുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. രണ്ടു തവണ സറാബിയ ബാഴ്സ നായകനെ സമീപിച്ചപ്പോഴും മെസി അതു ശ്രദ്ധിക്കാത്ത രീതിയിൽ മാറിപ്പോവുകയായിരുന്നു.

മത്സരത്തിനു ശേഷം ബാഴ്സ താരങ്ങളും പരിശീലകനും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായെന്ന് സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്തിരുന്നു. സ്പാനിഷ് ലീഗ് കിരീടം കൈവിടുമെന്ന അവസ്ഥയിലുള്ള ബാഴ്സയുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

അതേ സമയം കിരീടത്തിനായി ബാഴ്സ അവസാനം വരെ പോരാടുമെന്നാണ് പ്രതിരോധ താരം പിക്വ പറഞ്ഞത്. റയലുമായി രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബാഴ്സക്ക് അടുത്ത മത്സരത്തിൽ അറ്റ്ലറ്റികോ മാഡ്രിഡാണ് എതിരാളികൾ.

Rate this post