അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ അവസാനം വരെ കാത്തിരിക്കും : പ്രഖ്യാപനവുമായി സ്‌കലോനി |Argentina |Qatar 2022

വേൾഡ് കപ്പിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയത്ത് അർജന്റീന ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാനപ്പെട്ട താരങ്ങൾക്ക് പരിക്കേൽക്കുന്നത് വളരെയധികം തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഒരുപിടി സൂപ്പർതാരങ്ങൾ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. അവരെല്ലാം വേൾഡ് കപ്പിന് മുന്നേ തിരിച്ചെത്തും എന്നാണ് പ്രതീക്ഷകൾ.

എന്നാൽ ഏറ്റവും കൂടുതൽ ആശങ്കകൾ ഉള്ളത് മിഡ്ഫീൽഡിലെ മിന്നും താരമായ ജിയോവാനി ലോ സെൽസോയുടെ കാര്യത്തിലാണ്. സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് പരിക്കേറ്റത്. കാര്യങ്ങൾ ഒരല്പം ഗുരുതരമാണ്.താരത്തിന് സർജറി വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി ലോ സെൽസോയെ കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് താരത്തിന് വേണ്ടി അവസാന ദിവസം വരെ കാത്തിരിക്കുമെന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. നവംബർ പതിനാലാം തീയതി വരെ കാത്തിരുന്ന് അദ്ദേഹത്തിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷമാണ് അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിക്കുക.

‘ സത്യം എന്തെന്നാൽ ലോ സെൽസോയുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്.ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു താരമാണ് അദ്ദേഹം.ടീമിന്റെ നെടും തൂണുകളിൽ ഒന്നാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഏറ്റവും അവസാനം വരെ ഞങ്ങൾ അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കും. നിർഭാഗ്യവശാൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചിലപ്പോൾ സംഭവിച്ചെന്നിരിക്കും. ഏതായാലും താരത്തിന്റെ കാര്യത്തിലുള്ള അവസാന വാർത്തക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ് ‘ ഇതാണ് സ്‌കലോനി പറഞ്ഞത്.

അർജന്റീനയുടെ പരിശീലകനായ സ്‌കലോണി വന്നതിനുശേഷം അദ്ദേഹത്തിന് കീഴിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് ലോ സെൽസോ. ലോ സെൽസോയെ ലഭ്യമായില്ലെങ്കിൽ താരത്തിന്റെ അഭാവം വേൾഡ് കപ്പിൽ അർജന്റീനക്ക് വലിയ തിരിച്ചെടി തന്നെയായിരിക്കും.