കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെയും സ്പോർട്ടിങ് ഡയക്ടറിനെയും വിമർശിച്ച് മുൻ സഹപരിശീലകൻ സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ. ട്വിറ്റർ പോസ്റ്റിൽ ബ്ലാസ്റ്റേഴ്സ് നേതൃത്വത്തെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചതിന് മറുപടിയായാണ് ഹെയ്ഡൻ വെളിപ്പെടുത്തൽ നടത്തിയത്.കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയപ്പോൾ ലഭിക്കേണ്ട ബോണസ് ശമ്പളം ഇതുവരെ മാനേജ്മെന്റിൽ നിന്നും ലഭിച്ചിട്ടില്ല എന്ന ആരോപണമാണ് സ്റ്റീഫൻ ഹെയ്ഡൻ ട്വിറ്ററിലൂടെ ഉയർത്തിയത്.
ആദ്യ ശമ്പളം ലഭിച്ചത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഫൈനലിന് രണ്ടു ദിവസം മുൻപ് മാത്രമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.2021 ജൂണിൽ ക്ലബിന്റെ പുതിയ മുഖ്യ പരിശീലകനായി വുക്കോമാനോവിച്ചിനെ പ്രഖ്യാപിച്ചപ്പോൾ, പാട്രിക് വാൻ കെറ്റ്‌സിനെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി തിരഞ്ഞെടുത്തു. ബെൽജിയൻ ക്ലബ് സ്റ്റാൻഡേർഡ് ലീജിൽ കളിക്കുന്ന കാലം മുതൽ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു.
എന്നിരുന്നാലും, ഒക്ടോബറിൽ വ്യക്തിപരമായ അടിയന്തരാവസ്ഥ കാരണം വാൻ കെറ്റ്‌സ് ക്യാമ്പ് വിട്ടതിനെത്തുടർന്ന് 2021-22 ഐഎസ്‌എൽ സീസൺ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് ബ്ലാസ്റ്റേഴ്‌സിന് പുതിയ അസിസ്റ്റന്റ് കോച്ചിനെ കണ്ടെത്തേണ്ടി വന്നു.ഈ സമയത്താണ് വാൻ ഡെർ ഹെയ്ഡൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.2022 ഫെബ്രുവരി 28 വരെയാണ് വാൻ ഡെർ ഹെയ്ഡൻ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്. പ്രതിഫലം കിട്ടാതെ വന്ന സാഹചര്യത്തിൽ രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ക്ലബ് വിടാനാണ് ഞാൻ ആലോചിച്ചത്, പക്ഷെ ടീമിനെയോർത്താണ് അത് ചെയ്യാതിരുന്നത്.
ഓരോ കളിക്കാരും ഓരോ കാര്യങ്ങളും പഠിക്കാൻ അത്രയേറെ താൽപര്യം കാട്ടിയിരുന്നു, അവർ കഠിനമായി അധ്വാനിക്കുകയും ചെയ്തു, അതുകൊണ്ട് തന്നെ ഈ ടീമിനൊപ്പം ചില നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് എനിക്ക് തോന്നി, ആ കാരണം കൊണ്ടാണ് ആ സാഹചര്യത്തിൽ ടീമിനെ ഉപേക്ഷിച്ച് പോകാൻ തോന്നാതിരുന്നത്, ഹെയ്ഡൻ പറഞ്ഞു.മറ്റുള്ള സ്റ്റാഫുകൾക്ക് ഫെബ്രുവരി വരെയുള്ള ശമ്പളം ലഭിച്ചപ്പോൾ തനിക്ക് ലഭിച്ചത് ജനുവരി വരെയുള്ളത് മാത്രമെന്നെനും അദ്ദേഹം വ്യക്തമാക്കുന്നു. ഏപ്രിൽ ബാക്കിയുള്ള ശമ്പളം ലഭിച്ചെങ്കിലും പ്ലേ ഓഫിന്റെയും ഫൈനലിന്റെയും ബോണസ് തുക അതിൽ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന്, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹെയ്ഡന്‍ പറയുന്നു.
OK. I got my first salary after 4 months, 2 days before ISL Final. The bonus that was promised to reach Play-offs and Final has been paid only half, after 9 months, and after I informed Fifa. They don't respond to mails, do not accept requests on Instagram or LinkedIn
— Stephan Van Der Heyden (@VoetbalSteph) April 4, 2023
പിന്നീട് പാരതിയുമായൊക്കെ മുന്നോട്ടുപോയപ്പോഴാണ് പകുതിയെങ്കിലും ശമ്പളം ലഭിച്ചതെന്നും ഇനിയും തരാനുണ്ടെന്നും അദ്ദേഹം പറയുന്നു.എന്നാൽ ഇക്കാര്യത്തിൽ പരിഹാരം ആവശ്യപ്പെട്ട് ക്ലബ് ഡയറക്ടർ നിഖിൽ ഭരദ്വാജിനെ സമൂഹമാധ്യമങ്ങളിലൂടയടക്കം ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നും ഹെയ്ഡൻ പറഞ്ഞു.വേതനം കൃത്യമായി നൽകുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരോപണം നേരിടുന്നത് ഇതാദ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.2018 നും 2020 നും ഇടയിൽ ഉണ്ടായിരുന്ന സ്ലോവേനിയൻ സ്‌ട്രൈക്കർ മതേജ് പോപ്ലാറ്റ്‌നിക്കിൽ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് 2021 ൽ ഫിഫ ക്ലബിൽ ഒരു ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.