യുവതാരങ്ങൾക്കും സീനിയർ താരങ്ങൾക്കും ഒരുപോലെ മാതൃക, PSGയിൽ മെസ്സിയുടെ പുതിയ റോളിനെ പ്രശംസിച്ച് മുൻ താരം

കഴിഞ്ഞ സീസണിൽ നിന്നും ഏറെ വ്യത്യസ്തമായി ഈ സീസണിൽ വളരെയധികം മികവോടുകൂടിയാണ് ലിയോ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്.പിഎസ്ജിയയുമായി വളരെയധികം ഒത്തിണക്കം കാണിക്കുന്ന മെസ്സി ഇപ്പോൾ ഓരോ മത്സരം കഴിയുംതോറും കൂടുതൽ കൂടുതൽ മികവിലേക്ക് ഉയർന്നുവരികയാണ്. ഈ സീസണിൽ ആകെ 6 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം.

എന്നാൽ പഴയപോലെ കൂടുതൽ ഗോളുകൾ നേടുന്ന മെസ്സിയെയല്ല ഇപ്പോൾ കാണാൻ സാധിക്കുന്നത്, മറിച്ച് കൂടുതൽ കളി മെനയുകയും അവസരങ്ങൾ ഒരുക്കുകയും അസിസ്റ്റുകൾ നൽകുകയും ചെയ്യുന്ന മെസ്സിയെയാണ് കാണാൻ കഴിയുന്നത്. ഒരു പ്ലേ മേക്കർ എന്ന പുതിയ റോളിലാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.

മെസ്സി ഇപ്പോൾ ക്ലബ്ബിൽ വഹിച്ചുകൊണ്ടിരിക്കുന്ന ഈ പുതിയ റോളിനെയും അതിൽ അഡാപ്റ്റായ രീതിയേയും പിഎസ്ജിയുടെ മുൻ മിഡ്ഫീൽഡറായിരുന്ന ലുഡോവിച്ച് ഗുലി പ്രശംസിച്ചിട്ടുണ്ട്. മെസ്സിയുടെ ഇന്റലിജൻസ് മറ്റൊരു രീതിയിൽ ഇപ്പോൾ ക്ലബ്ബിന് ഗുണം ചെയ്യുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എല്ലാ ഫുട്ബോൾ താരങ്ങൾക്കും മെസ്സി ഒരു മാതൃകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ മെസ്സി പഴയ മെസ്സി തന്നെയാണ് എന്നുള്ളത് നമുക്ക് പറയാൻ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ക്വാളിറ്റി ഇപ്പോഴും ഉണ്ട്.ലിയോ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. മത്സരം മാറ്റിമറിക്കാൻ ഇപ്പോഴും കഴിവുള്ള താരമാണ് മെസ്സി. മറ്റൊരു ഒരു രീതിയിൽ മെസ്സിയുടെ ഇന്റലിജൻസ് ഇപ്പോഴും ക്ലബ്ബിന് വളരെയധികം നിർണായകമാണ് ‘ ഇദ്ദേഹം തുടർന്നു.

‘ മെസ്സി ഇപ്പോൾ ഗോളടിക്കുന്നത് കുറവാണ്. മറിച്ച് അദ്ദേഹം ഇപ്പോൾ അസിസ്റ്റുകൾ നൽകുന്നതിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഇപ്പോഴും മത്സരങ്ങളിൽ നിറഞ്ഞു കളിക്കാമെന്നും കളി ശൈലി എപ്പോൾ വേണമെങ്കിലും മാറ്റാം എന്നുമാണ് മെസ്സി തെളിയിച്ചുകൊണ്ടിരിക്കുന്നത്. തന്റെ 35ആം വയസ്സിലാണ് മെസ്സി ശൈലിയിൽ മാറ്റം വരുത്തിയിരിക്കുന്നത്.തീർച്ചയായും മെസ്സി എല്ലാ താരങ്ങൾക്കും ഒരു മാതൃകയാണ്. യുവതാരങ്ങൾക്കും സീനിയർ താരങ്ങൾക്കും റോൾ മോഡലാണ് ‘ ലുഡോവിച്ച് പറഞ്ഞു.

കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് ഇപ്പോൾ മെസ്സി കാലെടുത്ത് വെച്ചിട്ടുണ്ട്. പക്ഷേ മെസ്സിയുടെ പ്രതിഭയ്ക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. ഇനിയും കൂടുതൽ മികവിലേക്ക് ഉയരാൻ മെസ്സിക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post
Lionel MessiPsg