ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന നാല് ബ്രസീലിയൻ താരങ്ങൾ

ഫുട്ബോളിന്റെ മെക്കയായി അറിയപ്പെടുന്ന രാജ്യമാണ് ബ്രസീൽ. ബ്രസീലിയൻ താരങ്ങൾ കളിക്കാത്ത ഫുട്ബോൾ ക്ലബുകൾ ലോകത്ത് വളരെ കുറവാണ്. അഞ്ചു ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള ബ്രസീലിൽ നിന്നും ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളായ പെലെ, ഗരിഞ്ച, റൊമാരിയോ, റിവാൾഡോ, റൊണാൾഡീന്യോ, റൊണാൾഡോ എന്നിങ്ങനെ നിരവധി ഫുട്ബോൾ താരങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. യൂറോപ്പിലെ പ്രമുഖ ക്ലബുകളിലെല്ലാം നിരവധി ബ്രസീലിയൻ താരങ്ങളുടെ സാന്നിധ്യമുണ്ടെന്നിരിക്കെ ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന നാല് ബ്രസീലിയൻ താരങ്ങൾ ആരൊക്കെയാണെന്നു നോക്കാം.

ചെൽസിയുടെ പ്രതിരോധതാരമായ തിയാഗോ സിൽവയാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. തന്റെ മുപ്പത്തിയേഴാം വയസിലും ഏറ്റവും മികച്ച പ്രകടനം നടത്തി ചെൽസിയുടെയും ബ്രസീലിന്റെയും പ്രധാനതാരമായി മാറാൻ തിയാഗോ സിൽവക്ക് കഴിഞ്ഞിട്ടുണ്ട്. ചെൽസിക്കു വേണ്ടി ഈ സീസണിൽ ഏറ്റവുമധികം മിനുട്ടുകൾ (540) കളിച്ച ഔട്ട്‍ഫീൽഡ് പ്ലേയറായ തിയാഗോ സിൽവ ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. സീസണിൽ ചെൽസി സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തുന്നതെങ്കിലും പുതിയ പരിശീലകനായി എത്തിയ ഗ്രഹാം പോട്ടർ ടീമിൽ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണലിലേക്ക് ചേക്കേറിയ ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസും ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. 45 മില്ല്യൺ പൗണ്ട് നൽകി ആഴ്‌സണൽ സ്വന്തമാക്കിയ ഇരുപത്തിയഞ്ചു വയസുള്ള താരം ഇതുവരെ ഏഴു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും മൂന്നു അസിസ്റ്റും ടീമിനു വേണ്ടി സ്വന്തമാക്കിക്കഴിഞ്ഞു. പതിനഞ്ചു പോയിന്റുമായി ആഴ്‌സണൽ ഇപ്പോഴും പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതിനു ബ്രസീലിയൻ താരം വളരെയധികം സംഭാവന ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡിനു വേണ്ടി നടത്തിയ പ്രകടനം ഈ സീസണിൽ ആവർത്തിക്കുകയാണ് ബ്രസീലിനെ മുന്നേറ്റനിര താരം വിനീഷ്യസ് ജൂനിയർ. വേഗതയും ഡ്രിബ്ലിങ് മികവും ഒത്തിണങ്ങിയ താരം കാർലോ ആൻസലോട്ടി പരിശീലകനായി എത്തിയതിനു ശേഷമാണ് തന്റെ ഏറ്റവും മികച്ച ഫോം പുറത്തെടുക്കാൻ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ 22 ഗോളുകളും 12 അസിസ്റ്റുകളും നേടിയ താരം ഈ സീസണിൽ ഏഴു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും രണ്ട് അസിസ്റ്റും ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന നെയ്‌മറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരം അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. ഇതുവരെ ഒൻപതു മത്സരങ്ങൾ പിഎസ്‌ജിക്കായി കളിച്ച താരം പത്തു ഗോളുകൾ നേടുകയും ഏഴു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. ടീമിലെ പ്രധാന സ്‌ട്രൈക്കറായ എംബാപ്പയെ വരെ പിന്നിലാക്കുന്ന പകടനം നടത്തുന്ന നെയ്‌മറുടെ ഫോം ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളെയും ഉയർത്തുന്നു.

Rate this post