സെമിയിൽ മൊറോക്കൻ വെല്ലുവിളി അവസാനിപ്പിച്ച് ഫ്രാൻസ് ഫൈനലിലേക്ക് |Qatar 2022
അൽ ബൈത് സ്റ്റേഡിയത്തിൽ നടന്ന ഖത്തർ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ മൊറോക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യന്മാരയ ഫ്രാൻസ് കലാശ പോരാട്ടത്തിന് യോഗ്യത നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അര്ജന്റീനയാണ് ഫ്രാൻസിൻറ്‍റെ എതിരാളികൾ.
ലോകകപ്പ് ഫൈനലിൽ ഒരു ആഫ്രിക്കൻ ടീമിനെ കാണാൻ ഫുട്ബോൾ ലോകം ഇനിയും കാത്തിരിക്കണം.ഫ്രാന്‍സിന്റെ നാലാം ലോകകപ്പ് ഫൈനലാണ് ഇത്. 2002ല്‍ ബ്രസീലിന് ശേഷം തുടരെ വന്ന ലോകകപ്പുകളില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ടീമായും ഫ്രാന്‍സ് മാറി. 1990ലെ ജര്‍മനിക്ക് ശേഷം ഈ നേട്ടം തൊടുന്ന ആദ്യ യൂറോപ്യന്‍ രാജ്യവുമാണ് ഫ്രാന്‍സ്.
1998, 2006, 2018, 2022 വര്‍ഷങ്ങളിലാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. മൊറോക്കോയുടെ തോല്‍വി അറിയാതെയുള്ള ലോകകപ്പിലെ ആറ് മത്സരങ്ങളിലെ കുതിപ്പിനും ഫ്രാന്‍സ് അറുതി വരുത്തി. 2018ലെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനോട് തോറ്റതിന് ശേഷം ഫ്രാന്‍സിനോടാണ് ലോകകപ്പില്‍ അവര്‍ പിന്നെ തോല്‍വി നേരിടുന്നത്.
ഇന്നലത്തെ മത്സരത്തിൽ വെറും അഞ്ചു മിനുട്ട് മാത്രമെ ഫ്രാൻസിന് മൊറോക്കോ ഡിഫൻസ് തകർക്കാൻ വേണ്ടി വന്നുള്ളൂ. അഞ്ചാം മിനുട്ടിൽ തിയോ ഹെർണാണ്ടസ് ആണ് ഗോൾ നേടിയത്. എംബാപ്പയുടെ ഷോട്ടിൽ നിന്നും റീബൗണ്ടിലൂടെ വന്ന പന്ത് ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ ബോനോയെ മറികടന്ന് തിയോ വലയിലാക്കി.35ആം മിനുട്ടിൽ എംബപ്പെയുടെ ഷോട്ട് ഡിഫൻസ് ക്ലിയർ ചെയ്തു. അതിനു പിന്നാലെ കിട്ടിയ അവസരം ജിറൂദ് പുറത്തും അടിച്ചു. 45 ആം മിനുട്ടിൽ മൊറോക്കൻ താരം അൽ യമിഖിന്റെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിൽ തട്ടി തിരിക്കുകയും ചെയ്തു.
79ാം മിനിറ്റിലാണ് ലീഡ് ഉയര്‍ത്തി ഫ്രാന്‍സ് വീണ്ടും വല കുലുക്കിയത്. സബ്സ്റ്റിറ്റിയൂട്ട് ആയി വന്ന റന്‍ഡല്‍ കോലോ മുവാനിയാണ് എംബാപ്പെയുടെ പാസില്‍ നിന്ന് വല കുലുക്കി മൊറോക്കോയ്ക്ക് മേല്‍ അവസാന ആണിയടിച്ചത്. സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ റാന്‍ഡലിന്റെ ആദ്യ ടച്ച് തന്നെ ഗോളായി മാറി. പകരക്കാരനായി ഇറങ്ങി 44ാം സെക്കന്റിലാണ് റാന്‍ഡല്‍ വല കുലുക്കിയത്. തോൽവി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കൻ പോരാളികൾ ഫ്രാൻസ് ബോക്സിലേക്ക് വീണ്ടും കുതിപ്പ് നടത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധം തകർക്കാൻ സാധിച്ചില്ല.