ഫ്രീകിക്ക് ഗോളുകൾ, ക്രിസ്റ്റ്യാനോയെ ബഹുദൂരം പിന്നിലാക്കി മെസ്സിയുടെ കുതിപ്പ്

ലയണൽ മെസ്സിയുടെ ഡയറക്ട് ഫ്രീകിക്ക് ഗോൾ ആയിരുന്നു പിഎസ്ജിക്ക് ഇന്നലെ ഫ്രഞ്ച് ലീഗിൽ വിജയം സമ്മാനിച്ചത്.മത്സരത്തിന്റെ 95ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് മെസ്സി എതിർ ഗോൾപോസ്റ്റിൽ എത്തിക്കുകയായിരുന്നു.ആ ഗോളിലൂടെയാണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്.

മെസ്സി തന്റെ കരിയറിൽ നേടുന്ന 61ആം ഫ്രീകിക്ക് ഗോളാണിത്.ഈ ലീഗ് വണ്ണിൽ മെസ്സി നേടുന്ന പതിനൊന്നാം ഗോൾ ആണിത്.ഈ സീസണിൽ ആകെ 16 ഗോളുകൾ പൂർത്തിയാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ക്ലബ്ബ് കരിയറിൽ 699 ഗോളുകളും സീനിയർ കരിയറിൽ 797 ഗോളുകളും ലയണൽ മെസ്സി ഇപ്പോൾ ഈ ഫ്രീകിക്ക് ഗോളിലൂടെ പൂർത്തിയാക്കി കഴിഞ്ഞു.

ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ കണക്കുകൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്. 2010/11 സീസൺ മുതൽ ആകെ 39 ഫ്രീകിക്ക് ഗോളുകളാണ് ലയണൽ മെസ്സി നേടിയിട്ടുള്ളത്.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഈ കാലയളവിൽ ആരും തന്നെ ഇത്രയധികം ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടില്ല.രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പോലും ഏറെ പുറകിലാണ്.

23 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ കാലയളവിൽ ഫ്രീകിക്കിലൂടെ നേടിയിട്ടുള്ളത്.മൂന്നാം സ്ഥാനത്ത് ജയിംസ് വാർഡ് പ്രൗസ് വരുന്നു.17 ഗോളുകളാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.16 ഗോളുകൾ നേടിയ പ്യാനിച്ചാണ് തൊട്ട് പുറകിൽ വരുന്നത്.എതിരാളികളെക്കാൾ ലയണൽ മെസ്സി ബഹുദൂരം മുന്നിലാണ് എന്നത് തന്നെയാണ് ഈ കണക്കുകളിൽ നിന്നും നമുക്ക് കാണാൻ കഴിയുന്നത്.2017/18 സീസണിന് ശേഷം 22 ഫ്രീകിക്ക് ഗോളുകൾ ലയണൽ മെസ്സി നേടിയിട്ടുണ്ട്.

മാത്രമല്ല അർജന്റീന ഇതിഹാസമായ ഡിയഗോ മറഡോണ തന്റെ കരിയറിൽ ആകെ നേടിയിട്ടുള്ള ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിലും മെസ്സി ഒപ്പമെത്തിയിട്ടുണ്ട്. രണ്ടുപേരും 61 ഫ്രീകിക്ക് ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.മറഡോണ ക്ലബ്ബുകൾക്ക് വേണ്ടി 55 ഫ്രീകിക്ക് ഗോളുകളും അർജന്റീനക്ക് വേണ്ടി 6 ഫ്രീകിക്ക് ഗോളുകളും ആണ് നേടിയിട്ടുള്ളത്.അതേസമയം ലയണൽ മെസ്സി 52 ഗോളുകൾ ക്ലബ്ബിന് വേണ്ടിയും 9 ഗോളുകൾ അർജന്റീനക്ക് വേണ്ടിയുമാണ് നേടിയിട്ടുള്ളത്.

Rate this post
Cristiano RonaldoLionel Messi