മെസ്സിയെ കളിപ്പിക്കുന്ന രീതിയെക്കുറിച്ച് പിഎസ്ജിക്കെതിരെ വിമർശനവുമായി ഫ്രഞ്ച് പരിശീലകൻ |Lionel Messi

ലയണൽ മെസിക്കെതിരെ നടപടിയെടുക്കാനുള്ള പിഎസ്‌ജി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ഫ്രഞ്ച് ലീഗ് ക്ലബായ നാന്റസിന്റെ പരിശീലകൻ അന്റോയിൻ കൂമ്പുവാറെ. തനിക്കാണ് ലയണൽ മെസിയെ ലഭിക്കുന്നതെങ്കിൽ ഇങ്ങിനെയാവില്ല കളിപ്പിക്കുകയെന്നു പറഞ്ഞ അദ്ദേഹം മെസിയെ ഫ്രഞ്ച് ലീഗ് അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശനം നടത്തിയതിനാണ് ലയണൽ മെസിക്കെതിരെ പിഎസ്‌ജി നടപടി സ്വീകരിച്ചത്. ഇതിനു പിന്നാലെ മെസി തന്റെ സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു. എങ്കിലും രണ്ടാഴ്‌ചത്തേക്ക് മെസിയെ സസ്‌പെൻഡ് ചെയ്‌ത തീരുമാനത്തിൽ ഇതുവരെ യാതൊരു മാറ്റവും വരുത്താൻ പിഎസ്‌ജി നേതൃത്വം തയ്യാറായിട്ടില്ല.

“എനിക്കാണ് മെസിയെ ലഭിക്കുന്നതെങ്കിൽ മുൻനിരയിൽ നിന്ന്, ഓടാതെയും പ്രതിരോധിക്കാതെയും കളിക്കാനാണ് ഞാൻ പറയുക. മെസിയിലേക്ക് പന്തെത്തിച്ചു കൊണ്ടിരിക്കാൻ ഞാൻ ശ്രമിക്കും. മെസി കളിക്കുന്നത് കാണാൻ ഞാൻ വളരെയധികം ഇഷ്ട്ടപ്പെടുന്നു. എന്നാൽ ഞങ്ങളിന്നോരു താരത്തെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. വളരെയധികം ലജ്‌ജാകരമായ കാര്യമാണത്.”

“ഫുട്ബോളിനെയും ലയണൽ മെസ്സിയെയും ഞാൻ സ്നേഹിക്കുന്നു. താരത്തെ തൊട്ടുകളിക്കാതിരിക്കുകയാണ് വേണ്ടത്. എന്നാൽ ഞാനിപ്പോൾ കാണുന്നതെല്ലാം നാണക്കേടുണ്ടാക്കുന്നു. അതുകൊണ്ടു തന്നെ മെസി ഇവിടം വിടുകയാണ് നല്ലത്. എനിക്കതിൽ സന്തോഷമേയുള്ളൂ, കാരണം മെസിയെ ഞങ്ങൾ ഒരു തരത്തിലും അർഹിക്കുന്നില്ല.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

ക്ലബും ആരാധകരും മെസിക്കെതിരെ നീങ്ങുമ്പോൾ ഫ്രാൻസിൽ നിന്നും താരത്തിന് പിന്തുണ ലഭിക്കുന്നത് ആശ്വാസകരമാണ്. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് മെസി. പിഎസ്‌ജിയുടെ കൃത്യതയില്ലാത്ത റിക്രൂട്ടിംഗാണ് ക്ലബ്ബിനെ പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുന്നതെന്ന് എപ്പോഴോ വ്യക്തമായിട്ടും അതിനു മെസിയെ മാത്രം ബലിയാടാക്കുകയാണ് ആരാധകർ.

4.1/5 - (15 votes)
Lionel Messi