റയൽ മാഡ്രിഡ് ഏറെക്കാലമായി നോട്ടമിട്ടിരുന്ന സെവിയ്യയുടെ ഫ്രഞ്ച് പ്രതിരോധതാരം ജൂൾസ് കൂണ്ടെയെ റാഞ്ചാനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തെത്തിയിരിക്കുകയാണ്. സിറ്റിയുടെ ആദ്യ ഓഫർ നിരസിച്ചുവെങ്കിലും മികച്ച മറ്റൊരു ഓഫറുമായി സിറ്റി താരത്തെ കൈവിടാനൊരുക്കമല്ലെന്നു അറിയിച്ചിരിക്കുകയാണ്.
47 മില്യൺ യൂറോയുടെ ഓഫറാണ് സിറ്റി സെവിയ്യക്ക് മുൻപിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ റിലീസ് ക്ലോസ് നൽകിയേ താരത്തെ സ്വന്തമാക്കാനാവുകയുള്ളൂയെന്ന നിലപാടിലാണ് സെവിയ്യ. 82 മില്യൺ യൂറോയാണ് താരത്തിന്റെ റീലീസ് ക്ലോസ് ആയി നിജപ്പെടുത്തിയിരിക്കുന്നത്. കൂണ്ടെക്ക് സിറ്റിയിലേക്ക് ചേക്കേറാൻ താത്പര്യമുള്ളതു കൊണ്ട് ഒരു ഒത്തുതീർപ്പു തുകയിൽ താരത്തെ വിൽക്കാനാണ് സെവിയ്യയുടെ ശ്രമം.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് സെവിയ്യ ഫ്രഞ്ച് ക്ലബ്ബായ ബോർഡോക്സിൽ നിന്നും 21മില്യൺ യൂറോക്ക് താരത്തെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ സെവിയ്യ്ക്കായി യൂറോപ്പ ലീഗ് കിരീടനേട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച പ്രകടനമായിരുന്നു കൂണ്ടെയുടേത്. 50 മില്യൺ യൂറോക്ക് മുകളിലുള്ള തുകയാണ് സെവിയ്യ കൂണ്ടേയുടെ ഡീലിൽ പ്രതീക്ഷിക്കുന്നത്.
എന്നാൽ സിറ്റി 46 മില്യൺ യൂറോയും ഒപ്പം അർജന്റൈൻ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെന്റിയെയും നൽകാമെന്ന വ്യവസ്ഥയും സെവിയ്യക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. നാപോളിയുടെ കൂലിബാലിക്കും അത്ലെറ്റിക്കോ മാഡ്രിഡിന്റെ ജോസെ ജിമിനെസിനെയും നോട്ടമിട്ടിരുന്ന സിറ്റിയാണ് ഇപ്പോൾ നല്ല റേറ്റിംഗ് ഉള്ള ജൂൾസ് കൂണ്ടെക്കായി ശ്രമമാരംഭിച്ചിരിക്കുന്നത്. ബയേനുമായി നടക്കാനിരിക്കുന്ന യുവേഫ സൂപ്പർകപ്പിന് മുൻപ് തന്നെ കരാറിലെത്താനാവുമെന്നാണ് സിറ്റി പ്രതീക്ഷിക്കുന്നത്.