ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായായുള്ള അവസാന സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി ബ്രസീൽ.പാരീസിലെ പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ ട്യുണീഷ്യയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ബാഴ്സലോണ വിങ്ങർ റഫിൻഹ രണ്ടുതവണ സ്‌കോർ ചെയ്യുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
വെള്ളിയാഴ്ച ഘാനയെ 3-0ന് തോൽപ്പിച്ച ദക്ഷിണ അമേരിക്കൻ ഭീമൻമാരുടെ മറ്റൊരു പ്രബലമായ പ്രകടനമായിരുന്നു ഇന്ന് കാണാൻ കഴിഞ്ഞത്. ഖത്തറിൽ ആറാം ലോക കിരീടത്തിനായി തയ്യാറെടുക്കുന്ന ബ്രസീലിന് ഈ വിജയം ഊർജ്ജം പകരും.11-ാം മിനിറ്റിൽ ടുണീഷ്യൻ ഗോൾകീപ്പർ അയ്‌മെൻ ഡാഹ്‌മന്റെ മുകളിലൂടെ ഒരു ഉജ്ജ്വല ഹെഡറിലൂടെ റാഫിൻഹ സ്‌കോറിങ്ങിന് തുടക്കമിട്ടു. എന്നാൽ ഏഴു മിനിറ്റിനുശേഷം ഫ്രീകിക്കിൽ നിന്ന് മൊണ്ടാസർ തൽബിയുടെ അവസരോചിതമായ ഹെഡ്ഡറിലൂടെ ടുണീഷ്യ സമനില പിടിച്ചു.
ഒരു മിനുട്ടിനു ശേഷം റാഫിൻഹയുടെ പാസിൽ നിന്നും റിച്ചാർലിസൺ നേടിയ ഗോളിൽ ബ്രസീൽ ലീഡെടുത്തു.ഈ മാസം റയൽ മാഡ്രിഡിനെതിരായ ഡെർബിക്ക് മുമ്പ് വിനീഷ്യസ് ജൂനിയറിനെ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകർ വംശീയമായി അധിക്ഷേപിച്ചതിന് ശേഷം വംശീയതയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ബ്രസീൽ കളിക്കാർക്ക് നേരെ ഗോൾ ആഘോഷത്തിനിടെ സ്റ്റാൻഡിൽ നിന്ന് ഒരു വാഴപ്പഴം എറിഞ്ഞു.29-ാം മിനിറ്റിൽ ഐസ ലൈഡൗണി കാസെമിറോയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നും നെയ്മർ ഗോളാക്കി മാറ്റി സ്കോർ 3 -1 ആക്കി ഉയർത്തി.
40-ാമത്തെ മിനുട്ടിൽ മിന്നൽ പ്രത്യാക്രമണത്തിനൊടുവിൽ പെനാൽട്ടി ഏരിയയുടെ അരികിൽ നിന്ന് കൃത്യമായ ലോ ഷോട്ടിലൂടെ റാഫിൻഹ തന്റെ രണ്ടാമത്തെ ഗോൾ നേടി സ്കോർ 4 -1 ആയി ഉയർത്തി.രണ്ട് മിനിറ്റിന് ശേഷം നെയ്മറെ ഫൗൾ ചെയ്തതിന് ടുണീഷ്യ ഡിഫൻഡർ ഡിലൻ ബ്രോണിന് നേരെ ചുവപ്പ് കാർഡ് ലഭിച്ചു.ജയം ഉറപ്പിച്ചതോടെ മാനേജർ ടിറ്റെ രണ്ടാം പകുതിയിൽ നിരവധി പകരക്കാരെ പരീക്ഷിച്ചു.
⚽️International friendly match⚽️
— Alkass Digital (@alkass_digital) September 27, 2022
FINAL SCORE
🇧🇷 Brazil 5⃣-1⃣ Tunisia 🇹🇳#Qatar2022 #brazilvstunisia #Football #FriendlyMatch #تونس_البرازيل pic.twitter.com/Z8ey7opBlv
ഈ സീസണിലെ ബ്രസീലിയൻ ലീഗിലെ ഏറ്റവും വലിയ സെൻസേഷനായ ഫ്ലെമെംഗോ ഫോർവേഡ് പെഡ്രോ 74-ൽ ബോക്‌സിന്റെ അരികിൽ നിന്നുള്ള മികച്ച ഷോട്ടിലൂടെ സ്കോർ 5 -1 ആയി ഉയർത്തി.നവംബർ 24 ന് സെർബിയയ്‌ക്കെതിരെ ബ്രസീൽ അവരുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കും.ഗ്രൂപ്പ് ജിയിൽ സ്വിറ്റ്‌സർലൻഡിനെയും കാമറൂണിനെയും നേരിടും.