മെസി, നെയ്‌മർ, എംബാപ്പെ എന്നിവരിലൊരാളെ പിഎസ്‌ജി ആദ്യ ഇലവനിൽ നിന്നും പരിശീലകൻ ഒഴിവാക്കിയേക്കും

ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മുന്നേറ്റനിരയാണ് പിഎസ്‌ജിയുടേത്. കഴിഞ്ഞ സീസണിൽ ഒത്തിണക്കത്തോടെ കളിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ക്രിസ്റ്റഫെ ഗാൾട്ടിയർ പരിശീലകനായി എത്തിയതോടെ മികച്ച പ്രകടനം നടത്തുന്ന ഈ താരങ്ങൾ ഈ സീസണിൽ 41 ഗോളുകളിലാണ് പങ്കാളിയായത്. സീസണിൽ പിഎസ്‌ജി ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെ മുന്നോട്ടു കുത്തിക്കുന്നതും ഈ മൂന്നു താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ തന്നെയാണ്.

എന്നാൽ പിഎസ്‌ജി മുന്നേറ്റനിരയിലെ ത്രിമൂർത്തികളിൽ ഒരാളെ വരുന്ന മത്സരങ്ങളിൽ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ ചിന്തിക്കുന്നുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്. ടീമിന്റെ പ്രതിരോധത്തെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് മികച്ച പ്രകടനം നടത്തുന്ന ഈ മൂന്നു താരങ്ങളിൽ ഒരാളെ മത്സരങ്ങളിൽ പുറത്തിരുത്തി പകരം പ്രതിരോധത്തിൽ സഹായിക്കാൻ കഴിയുന്ന ഒരു താരത്തെ മുന്നേറ്റനിരയിൽ ഇറക്കുന്ന കാര്യം അദ്ദേഹം ആലോചിക്കുന്നത്.

ഈ സീസണിൽ 3-4-3 എന്ന ശൈലിയിലാണ് ക്രിസ്റ്റഫെ ഗാൾട്ടിയാർ പിഎസ്‌ജി ടീമിനെ ഇറക്കുന്നത്. മെസി, എംബാപ്പെ, നെയ്‌മർ എന്നിവരെ കൃത്യമായി ടീമിൽ ഉൾപ്പെടുത്താൻ ഈ ശൈലി കൊണ്ടു കഴിയുന്നുണ്ട്. എന്നാൽ ഈ മൂന്നു താരങ്ങളും ആക്രമിച്ചു കളിക്കാൻ ഇഷ്ടപ്പെടുന്നവരായതു കൊണ്ടു തന്നെ പ്രതിരോധത്തെ സഹായിക്കുന്നത് വളരെ കുറവാണ്. ഇതാണ് പരിശീലകനിൽ ആശങ്ക സൃഷ്‌ടിക്കുന്നത്‌.

മക്കാബി ഹൈഫക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടിയെങ്കിലും പത്തിലധികം വർഷത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീം പിഎസ്‌ജിയെ വിറപ്പിച്ചിരുന്നു. മത്സരത്തിനു ശേഷം ഈ മൂന്നു താരങ്ങളുടെ സാന്നിധ്യം ടീമിന്റെ പ്രതിരോധത്തെ ബാധിക്കുന്നുണ്ടെന്ന് പരിശീലകൻ അഭിപ്രായപ്പെടുകയും ചെയ്‌തു. ആക്രമണനിരയിലെ താരങ്ങൾ ഒഴിച്ചിടുന്ന ഇടം മധ്യനിര താരങ്ങളായ വെറാറ്റി, വിറ്റിന്യ എന്നിവർക്ക് വലിയ തലവേദനയുണ്ടാക്കുന്നുണ്ട്.

എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന ഈ താരങ്ങളിൽ ആരെയാണ് പരിശീലകൻ പുറത്തിരുത്തുകയെന്ന് വ്യക്തമല്ല. ഫ്രഞ്ച് ലീഗിൽ ഈ മൂന്നു താരങ്ങളുടെയും സേവനം ഉപയോഗിക്കാമെങ്കിലും ചാമ്പ്യൻസ് ലീഗ് പോലെയുള്ള വമ്പൻ പോരാട്ടങ്ങൾ വരുമ്പോൾ പ്രതിരോധത്തെ ശക്തിപ്പെടുത്തേണ്ടത് ടീമിന് അനിവാര്യമാണ്. എങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്‌നം പൂർത്തിയാക്കാൻ പിഎസ്‌ജിക്ക് കഴിയൂ.

Rate this post