ഗാരെത് ബെയ്ൽ ടോട്ടനം ഹോട്സപറിലേക്ക് ഒരു സീസൺ ലോണിൽ ചേക്കേറാനൊരുങ്ങുമ്പോഴും പരിക്ക് വീണ്ടും വില്ലനാവുകയാണ്. ബെയ്ലിന് ഏകദേശം നാലു ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20മില്യൺ യൂറോയ്ക്കാണ് ഒരു വർഷത്തെ ലോൺ കരാറിൽ ബെയ്ൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലേക്ക് പറന്നത്.
എന്നാൽ കഴിഞ്ഞ നേഷൻസ് ലീഗ് മത്സരത്തിൽ 90മിനുറ്റ് കളിച്ച ബെയ്ലിന് വീണ്ടും പരിക്ക് പിടികൂടിയെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ട്രാൻസ്ഫറിനൊപ്പം താരത്തിന്റെ ശാരീരികക്ഷമതയും ടോട്ടനത്തിനു പരിഗണിക്കേണ്ടി വന്നിരിക്കുകയാണ്. വാൽഡെബാബസിൽ ജിമ്മിൽ വെച്ച് പരിശോധനകൾക്കു ശേഷമാണ് ബെയ്ൽ ലണ്ടനിലേക്ക് പറന്നത്.
അന്താരാഷ്ട്രമത്സരത്തിൽ കാൽമുട്ടിനാണ് ബെയ്ലിന് പരിക്കേറ്റിരിക്കുന്നത്. റയൽ മാഡ്രിഡിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് കൂടുതലും റയൽ പുറത്തിരുന്നത്. എന്നാൽ കഴിഞ്ഞ സീസണുകളിലായി സിദാന്റെ പദ്ധതികളിൽ ബെയ്ലില്ലാത്തതിനാൽ കുറെ മത്സരങ്ങൾ ബെഞ്ചിൽ ഇരിക്കേണ്ടിയും വന്നിരുന്നു. എന്നാൽ വീണ്ടും പരിക്ക് വില്ലനാവുന്നതിൽ ടോട്ടനത്തിനും ആശങ്കയുളവാക്കിയിട്ടുണ്ട്.
പ്രീമിയർ ലീഗിൽ ഇനി വരാനിരിക്കുന്ന തിരക്കുപിടിച്ച ഷെഡ്യൂളിൽ പരിക്കുമൂലം ബെയ്ലിന്റെ സാന്നിധ്യം നഷ്ടമായേക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ എവർട്ടണിനോട് തോൽവിയേറ്റുവാങ്ങേണ്ടി വന്ന സ്പർസ് അടുത്ത മത്സരത്തിൽ സതാംപ്ടണിനോടാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഏഴു വർഷങ്ങൾക്കു മുൻപ് റെക്കോർഡ് തുകയയായ 85മില്യൺ യൂറോക്കാണ് ടോട്ടനത്തിൽ നിന്നും റയൽ മാഡ്രിഡ് ബെയ്ലിനെ വാങ്ങുന്നത്. ഈ സീസണിൽ തിരിച്ചുവരവിനൊരുങ്ങുമ്പോഴും ടോട്ടനം ആരാധകർക്ക് 31കാരന്റെ കളി കാണാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.