❝ ബെയ്‌ലിന്‌ റയലിൽ കളിക്കണമെങ്കിൽ ബ്രസീലിയൻ താരം പുറത്തു പോവേണ്ടി വരും ❞

സ്പർസിനൊപ്പം പുതിയ സീസണിൽ ഗരെത് ബെയ്ൽ ഉണ്ടാകില്ല എന്ന് ടോട്ടനത്തിന്റെ പുതിയ പരിശീലകൻ നുനോ സാന്റോ വ്യക്തമാക്കിയതോടെ താരം റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. റയലിൽ സിദാന്റെ പദ്ധതികളിൽ ഇടമില്ലാതിരുന്ന ബെയ്‌ലിന്‌ കാർലോ ആൻസെലോട്ടി പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്തതോടെയാണ് തിരിച്ചു വരവിനു വഴിയൊരുങ്ങിയത്. യൂറോകപ്പിലും. ടോട്ടൻഹാമിനും വേണ്ടി നടത്തിയ മോശമല്ലാത്ത പ്രകടനം താരത്തിന്റെ തിരിച്ചു വരവിനു വഴിവെച്ചത്. എന്നാൽ ലാ ലീഗയിലെ പുതിയ രജിസ്ട്രേഷൻ നിയമങ്ങൾ താരത്തിന്റെ തിരിച്ചുവരവിന് തടസ്സമായിരിക്കുകയാണ്.

ബെയ്‌ലിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തണമെങ്കിൽ ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ഈഡർ മിലിറ്റാവോ എന്നിവരിൽ ഒരാളെ വിൽക്കേണ്ടി വരും. പുതിയ നിയമം മൂലം യൂറോപ്യൻ യൂണിയന് പുറത്തുള്ള മൂന്നു താരങ്ങളെ മാത്രമേ ഒരു ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളു. വെയ്ൽസ് യൂറോപ്യൻ രാജ്യമാണെങ്കിലും യൂറോപ്യൻ യൂണിയനിൽ അംഗമല്ല ഇതാണ് തിരിച്ചടിയായത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോയെങ്കിലും 2020 ഡിസംബർ 31 വരെ താരങ്ങളെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ യൂറോപ്യൻ താരങ്ങളായി അംഗീകരിച്ചിരുന്നു. ബെയ്‌ലിന്‌ പുറമെ അത്ലറ്റികോ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരമായ കീറൻ ട്രിപ്പിയരും സമാന നിയമത്തിന്റെ കുരുക്കിലാണ്.

റയലിന്റെ കാസെമിറോ, മാഴ്‌സെലോ ,അറ്റ്ലെറ്റിക്കോയുടെ ലൂയിസ് സുവാരസ്, ഏഞ്ചൽ കൊറിയ എന്നിവർക്ക് രണ്ടു വർഷത്തിൽ കൂടുതൽ സ്‌പെയിനിൽ താമസിച്ചത് കൊണ്ട് സ്പാനിഷ് പൗരത്വം ലഭിച്ചിട്ടുണ്ട്.റയൽ മാഡ്രിഡ് കളിക്കാരായ വിനീഷ്യസ്, റോഡ്രിഗോ, മിലിറ്റാവോ എന്നിവരുടെ അപേക്ഷകൾ ഫെഡറേഷൻ സ്വീകരിക്കുന്നതിനായി കാത്തിരിക്കുകയാണ്. ബെയ്‌ലിന്‌ വേണ്ടി റോഡ്രിഗോ ആയിരിക്കും സ്‌ക്വാഡിൽ നിന്നും പുറത്തു പോവുക.2019 ൽ 45 മില്യൺ ഡോളറിന് ലോസ് ബ്ലാങ്കോസിൽ ചേർന്ന റോഡ്രിഗോയെ സ്പെയിനിന്റെ മൂന്നാം ഡിവിഷനിൽ കളിക്കുന്ന റയലിന്റെ റിസർവ് ടീമിലേക്ക് അയക്കാനാണ് പദ്ധതിയിടുന്നത്.

റയൽ മാഡ്രിഡിൽ ഇനി ഒരു വർഷത്തെ കരാർ കൂടെ ബെയ്ലിന് ബാക്കിയുണ്ട്. വലിയ വേതനം ലഭിക്കുന്നത് കൊണ്ട് തന്നെ റയൽ മാഡ്രിഡ് വിടാൻ ബെയ്ല് താല്പര്യപ്പെടുന്നില്ല. ഈ സീസൺ കൂടെ റയലിൽ നിന്ന് അടുത്ത സീസണിൽ ഫ്രീ ഏജന്റായി എങ്ങോട്ടെങ്കിലും പോവുക ആകും വെയിൽസ് താരത്തിന്റെ ഉദ്ദേശം. വലിയ വേതനം ആയതു കൊണ്ട് തന്നെ ബെയ്ലിനെ സ്വന്തമാക്കാൻ വേറെ ക്ലബുകൾക്ക് സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ.

Rate this post