ഗർനാച്ചോയുടെ വീട് നിറയെ മെസിയുടെ ചിത്രങ്ങൾ, താരം സ്പെയിനെ തഴഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അർജന്റീനിയൻ ഒഫിഷ്യൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിലേക്ക് കഴിഞ്ഞ സീസണിലെത്തി എറിക് ടെൻ ഹാഗിനു കീഴിൽ കൂടുതൽ അവസരങ്ങൾ നേടിയെടുത്ത താരമാണ് അലസാൻഡ്രോ ഗർനാച്ചോ. പതിനെട്ടാം വയസിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരം ഭാവിയിൽ ബാലൺ ഡി ഓർ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് പലരും വിലയിരുത്തുന്നു.

സ്പെയിനിൽ ജനിച്ച ഗർനാച്ചോ ഗെറ്റാഫെ, അത്ലറ്റികോ മാഡ്രിഡ് എന്നീ അക്കാദമികളിൽ കളിച്ചതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. സ്പെയിൻ യൂത്ത് ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള താരം അർജന്റീന യൂത്ത് ടീമിന് വേണ്ടിയും കളിച്ച് അർജന്റീന സീനിയർ ടീമിന് വേണ്ടി കളിക്കാനാണ് തീരുമാനിച്ചത്. സ്പെയിൻ താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗർനാച്ചോ അതിനു തയ്യാറായില്ല.

ഖത്തർ ലോകകപ്പിനു മുൻപ് തന്നെ ഗർനാച്ചോ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ലോകകപ്പ് ടീമിൽ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഇക്കാരണം കൊണ്ട് ഗർനാച്ചോ അർജന്റീന വിട്ട് സ്പൈനിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം അർജന്റീന നാഷണൽ ടീം കോർഡിനേറ്റർ ബെർണാർഡോ റോമിയോ അതിനെ തള്ളിക്കളഞ്ഞു.

“സ്പെയിനിൽ നിന്നും വിളി വന്നെങ്കിലും അർജന്റീനക്ക് വേണ്ടിയെ കളിക്കൂവെന്ന് ഗർനാച്ചോ ഉറപ്പു നൽകിയിരുന്നു. താരത്തിന്റെ വീട്ടിൽ ഞങ്ങൾ പോയപ്പോൾ അവിടെ നിറയെ മെസിയുടെ ചിത്രങ്ങളാണ്. സ്പെയിൻ മാനേജർ താരത്തെ ടീമിലെത്തിക്കാൻ വേണ്ടി ബന്ധപ്പെട്ടെങ്കിലും ബഹുമാനത്തോടു കൂടിത്തന്നെ ഗർനാച്ചോ അത് വേണ്ടെന്നു വെക്കുകയാണ് ചെയ്‌തത്‌.” റോമിയോ പറഞ്ഞു.

അതേസമയം അർജന്റീനക്ക് വേണ്ടി കളിക്കുകയെന്ന ഗർനാച്ചോയുടെ ആഗ്രഹം സഫലമാകാൻ ഇനിയും സമയമെടുക്കും. ഈ മാസം നടക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ താരം ഉൾപ്പെട്ടിരുന്നെങ്കിലും സൗത്താപ്റ്റനെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റത് കാരണം രണ്ടു മത്സരങ്ങളും ഗർനാച്ചോക്ക് നഷ്‌ടമാകും.

Rate this post
Alejandro Garnacho