അത്യന്തം ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഘാനക്ക് പൊരുതി കീഴടങ്ങി കൊറിയ |Qatar 2022
അത്യന്തം ആവേശകരമായ പോരാട്ടത്തിൽ സൗത്ത് കൊറിയയെ കീഴടക്കി ആഫ്രിക്കൻ കരുത്തരായ ഘാന. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഘാനയുടെ വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളിന് മുന്നിട്ട് നിന്ന ഘാനക്കെതിരെ കൊറിയ രണ്ടു ഗോളുകൾ തിരിച്ചടിച്ചെങ്കിലും മുഹമ്മദ് കുഡൂസ് നേടിയ ഗോളിൽ അവർ വിജയം നേടിയെടുത്തു.
ദക്ഷിണ കൊറിയയുടെ മുന്നേറ്റങ്ങളോടെയാണ് കളി ആരംഭിച്ചത്.എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി ഘാന 24 ആം മിനുട്ടിൽ മുന്നിലെത്തി.മുഹമ്മദ് സലിസുവാണ് ഘാനയെ മുന്നിലെത്തിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഘാനയ്ക്കായി ഗോൾ നേടുന്ന ആദ്യ ഡിഫൻഡറായി മുഹമ്മദ് സാലിസു 10 മിനുട്ടിനു ശേഷം ഘാന രണ്ടാം ഗോളും നേടി കൊറിയയെ ഞെട്ടിച്ചു.ജോർദാൻ അയേവ് കൊടുത്ത ക്രോസിൽ നിന്നും മുഹമ്മദ് കുഡുസ് ആണ് ഘാനയുടെ രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതി പകുതി അവസാനിക്കുമ്പോൾ ഘാന രണ്ടു ഗോളിന് മുന്നിലെത്തി.
എന്നാൽ രണ്ടാം പകുതിയിൽ കൊറിയയുടെ തിരിച്ചു വരവാണ് കാണാൻ സാധിച്ചത്. 53 ആം മിനുട്ടിൽ ഗു-സങ് ചോയുടെ ഹെഡ്ഡർ ലോറൻസ് ആറ്റി-സിഗി അതിശയകരമായ ഒരു സേവ് നടത്തി ഘാനയുടെ രക്ഷക്കെത്തി. എന്നാൽ അഞ്ചു മിനുട്ടിനു ശേഷം കൊറിയ ഒരു ഗോൾ മടക്കി.58ാം മിനിറ്റില്‍ ചോ ഗ്യൂ സങ്ങ് ആണ് കൊറിയക്ക് വേണ്ടി ഗോൾ നേടിയത്. 61 ആം മിനുട്ടിൽ കൊറിയ സമനില ഗോൾ നേടിജിൻ-സു കിമ്മിന്റെ സമർത്ഥമായ ലോഫ്റ്റഡ് ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെ ചോ ഗ്യൂ സങ്ങ് പന്ത് വലയിലെത്തിച്ചു.ഒരു ലോകകപ്പ് മത്സരത്തിൽ ഒന്നിൽ കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്യുന്ന ആദ്യത്തെ കൊറിയൻ റിപ്പബ്ലിക് താരമാണ് ചോ ഗ്വെ-സങ്, അതേസമയം ലോകകപ്പ് ഗെയിമിൽ രണ്ട് ഹെഡ്ഡറുകൾ നേടുന്ന ആദ്യ ഏഷ്യൻ കളിക്കാരൻ കൂടിയാണ്.
എന്നാൽ വിട്ടുകൊടുക്കാൻ തയ്യറാവാത്ത ഘാന 68 ആം മിനുട്ടിൽ ലീഡ് നേടി.കുഡൂസ് ആണ് ഘാനയുടെ ഗോൾ നേടിയത്. അയാക്സ് താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോൾ ആയിരുന്നു ഇത്.2014ൽ അർജന്റീനയ്‌ക്കെതിരെ നൈജീരിയയ്‌ക്കായി അഹമ്മദ് മൂസയ്ക്ക് (21y 254d) ശേഷം ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ആഫ്രിക്കൻ കളിക്കാരനാണ് 22 വയസ്സും 118 ദിവസവും പ്രായമുള്ള മുഹമ്മദ് കുഡൂസ്. 75 ആം മിനുട്ടിൽ കാങ്-ഇൻ ലീ യുടെ ഫ്രീകിക്ക് ഘാന കീപ്പർ ലോറൻസ് ആറ്റി-സിഗി തടഞ്ഞു. സമനില ഗോൾ നേടാനുള്ള കഠിന ശ്രമത്തിലാണ് കൊറിയ.ഇഞ്ചുറി ടൈമിൽ ഗ്യു-സങ് ചോ തൊടുത്ത ഷോട്ട് ഘാന കീപ്പർ ലോറൻസ് ആറ്റി-സിഗി തട്ടിയകറ്റി.