ലാലിഗയിൽ റയൽ മാഡ്രിഡിന് ഞെട്ടിപ്പിക്കുന്ന തോൽവി. ഇന്ന് ജിറോണയെ നേരിട്ട റയലിന് 4-2 എന്ന സ്കോർലൈനിലാണ് പരാജയം രുചിക്കേണ്ടി വന്നത്. അർജന്റീനിയൻ താരം കാസ്റ്റലനോസാണ് ജിറോണയ്ക്ക് വേണ്ടി നാല് ഗോളും നേടി റയലിന്റെ ലാലിഗ കിരീടമോഹങ്ങൾക്ക് അവസാന ആണി അടിച്ചത്.
ജിറോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ 12 ആം മിനുട്ടിലാണ് കാസ്റ്റലനോസ് റയലിന്റെ വലയിൽ ആദ്യവെടി പൊട്ടിച്ചത്. 24 ആം മിനുട്ടിൽ താരം വീണ്ടും റയലിന്റെ വല കുലുക്കി. ആദ്യ പകുതിക്ക് മുമ്പ് വിനീഷ്യസ് ഒരു ഗോൾ മടക്കി ആദ്യപകുതിയിൽ മത്സരം 2-1 എന്ന നിലയിലാക്കി.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാമെന്ന റയലിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാസ്റ്റലനസ് ഹാട്രിക് പൂർത്തിയാക്കി. 62 ആം മിനുട്ടിൽ തന്റെ നാലാം ഗോളും നേടി കാസ്റ്റലനസ് റയലിന്റെ പരാജയം ഉറപ്പിച്ചു. പിന്നീട് ഗോളിനായി റയൽ പൊരുതിയെങ്കിലും മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ലൂക്കാസ് വാസ്കസ് ഒരു ഗോൾ നേടിയത് മാത്രമാണ് റയലിന്റെ പരാജയഭാരം കുറച്ചത്.
തോറ്റത് റയലാണെങ്കിലും ഈ തോൽവി അനുഗ്രഹമായത് ബാഴ്സലോണയ്ക്കാണ്. റയലിന്റെ തോൽവിയോടെ ബാഴ്സ ലാലിഗ കിരീടം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. റയലിനേക്കാൾ ഒരു മത്സരം കുറച്ച് കളിച്ച ബാഴ്സയ്ക്ക് നിലവിൽ 11 പോയിന്റിന്റെ ലീഡുണ്ട്.