ലോകകപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഫ്രാൻസിന് തിരിച്ചടി, ജിറൂദ് ഫൈനൽ കളിച്ചേക്കില്ല |Qatar 2022

ഖത്തർ ലോകകപ്പിന് മുൻപേ തന്നെ നിരവധി തിരിച്ചടികളാണ് ഫ്രാൻസ് ടീമിന് നേരിടേണ്ടി വന്നത്. പോഗ്ബ, കാന്റെ, ബെൻസിമ തുടങ്ങി ഏഴോളം പ്രധാന താരങ്ങൾ ഇല്ലാതെയാണ് അവർ ലോകകപ്പിനിറങ്ങിയത്. ആദ്യത്തെ മത്സരത്തിൽ തന്നെ ലൂക്കാസ് ഹെർണാണ്ടസിനെയും അവർക്ക് നഷ്‌ടമായി. ബാക്കിയുള്ള ടീമുകളിൽ 26 അംഗ സ്ക്വാഡുള്ളപ്പോൾ 24 അംഗ സ്ക്വാഡുമായാണ് ഫ്രാൻസ് ആദ്യത്തെ മത്സരത്തിനു ശേഷം കളിച്ചത്. എങ്കിലും ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് മികച്ച പ്രകടനം നടത്തി ഫൈനൽ വരെ മുന്നേറാൻ അവർക്ക് കഴിഞ്ഞിരുന്നു.

ലോകകപ്പ് ഫൈനലിനെത്തിയതിനു പിന്നാലെയും ഫ്രാൻസിന് നിരവധി ആശങ്കകൾ ഉണ്ടായിരുന്നു. ടീമിനുള്ളിൽ പടർന്നു പിടിച്ച വൈറസ് ബാധയെ തുടർന്ന് നാലോളം താരങ്ങൾക്ക് ഫൈനൽ നഷ്‌ടമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയതോടെ ആശങ്ക ഒഴിയുകയും. എന്നാൽ അതിനു പിന്നാലെ മറ്റൊരു മോശം വാർത്തയാണ് ഇപ്പോൾ ഫ്രാൻസിനെ തേടിയെത്തുന്നത്. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ഒലിവർ ജിറൂദ് ഇന്ന് നടക്കുന്ന ഫൈനൽ കളിച്ചേക്കില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പരിശീലനത്തിനിടെയേറ്റ പരിക്കാണ് ഒലിവർ ജിറൂദിന് ലോകകപ്പ് ഫൈനൽ നഷ്‌ടമാകാനുള്ള സാധ്യത വർധിപ്പിച്ചതെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പുറത്തു വിട്ട റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന് മത്സരം നഷ്‌ടമാകാനുള്ള സാധ്യതയുള്ളതിനാൽ മാർക്കസ് തുറാമിനെ വെച്ച് ദെഷാംപ്‌സ് പരിശീലനം നടത്തിയിട്ടുണ്ട്. ഇതിനു പുറമെ വരാനെയും കളിക്കാനിറങ്ങുന്ന കാര്യത്തിൽ ചെറിയ സംശയങ്ങളുണ്ട്. ഇതിനെ തുടർന്ന് ഡയോത് ഉപമേകാനോ, ഇബ്രാഹിമാ കൊനാട്ടെ എന്നീ സെന്റർ ബാക്കുകളെ വെച്ചും ഫ്രാൻസ് പരിശീലനം നടത്തിയിരുന്നു.

ഒലിവർ ജിറൂദ് മത്സരം കളിച്ചില്ലെങ്കിൽ ഫ്രാൻസിനത് വലിയ തിരിച്ചടി തന്നെയാകും. ടൈറ്റ് ആംഗിളിൽ നിന്നും ഗോൾ നേടാനും പ്രതിരോധത്തെ കൃത്യമായി സഹായിക്കാനും കഴിയുന്ന താരം അർജന്റീനക്ക് ആശങ്കയുള്ള ഏരിയൽ ബോൾസിൽ അത്യന്തം അപകടകാരിയുമാണ്. ടൂർണമെന്റിൽ ഇതുവരെ നാല് ഗോളുകൾ നേടിയ താരം മികച്ച ഫോമിലുമാണ്. ഇന്നത്തെ സാഹചര്യം കൂടി നോക്കിയാവും ജിറൂദിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.