ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബാഴ്സലോണ ഒസാസുനയെ കീഴടക്കിയിരുന്നത്. മാർട്ടിൻ ബ്രൈത്വെയിറ്റ്, അന്റോയിൻ ഗ്രീസ്മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ, ലയണൽ മെസ്സി എന്നിവരായിരുന്നു ബാഴ്സയുടെ ഗോളുകൾ നേടിയിരുന്നത്. ഗോളിന് പുറമേ ഒരു അസിസ്റ്റ് കൂടെ സ്വന്തമാക്കിയ ഗ്രീസ്മാൻ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത് മത്സരത്തിന്റെ നാല്പത്തിരണ്ടാം മിനിറ്റിലായിരുന്നു ഗ്രീസ്മാന്റെ നയനമനോഹരമായ ഗോൾ പിറന്നത്.
ബോക്സിന് വെളിയിൽ നിന്നും ഒരു കരുത്തുറ്റഷോട്ടിലൂടെയാണ് ഗ്രീസ്മാൻ വലകുലുക്കിയത്. ആ ഗോളിന് ശേഷം ഗ്രീസ്മാൻ നടത്തിയ ആഘോഷം ആരാധകശ്രദ്ധ ആകർഷിച്ചിരുന്നു. തന്റെ തലയുടെ ഇരുവശത്തും കൈകൾ വെച്ചു കൊണ്ട് ഇരുകാലുകളും മാറിമാറി ഉപയോഗിച്ച് ഡാൻസ് ചെയ്യുന്ന ഒരു സെലിബ്രേഷനായിരുന്നു ഗ്രീസ്മാൻ നടത്തിയിരുന്നത്. അതിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ താരം. തന്റെ മകളുടെ ആവിശ്യപ്രകാരമാണ് ആ സെലിബ്രേഷൻ നടത്തിയത് എന്നാണ് ഗ്രീസ്മാൻ അറിയിച്ചത്.
” ഇന്ന് രാവിലെ ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ മകൾ തൊട്ടടുത്തു ഉണ്ടായിരുന്നു. ഞാൻ അപ്പോൾ അവളോട് ചോദിച്ചു. ഇന്ന് ഞാൻ ഗോൾ നേടിയാൽ എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്ന്. അപ്പോൾ അവളാണ് എനിക്ക് അങ്ങനെ കാണിച്ചു തന്നത്. തുടർന്ന് ഗോൾ നേടിയപ്പോൾ അവൾക്ക് വേണ്ടി ഞാൻ ആ സെലിബ്രേഷൻ അനുകരിക്കുകയായിരുന്നു. മത്സരത്തിൽ വിജയം നേടാനായതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത് ” ഗ്രീസ്മാൻ പറഞ്ഞു.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗ്രീസ്മാൻ ഗോൾ കണ്ടെത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ നടന്ന ഡൈനാമോ കീവിനെതിരെയുള്ള മത്സരത്തിൽ ഗ്രീസ്മാൻ ഗോൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടാൻ ഗ്രീസ്മാന് സാധിച്ചു. ഇതിന് മുമ്പ് 19 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമായിരുന്നു താരത്തിന് നേടാൻ സാധിച്ചിരുന്നത്.