ഇന്നലെ സിരി എയിൽ നടന്ന യുവന്റസിന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ എൺപത്തിയെട്ടാം മിനുട്ടിൽ ആരോൺ റാംസിയുടെ പാസിൽ നിന്നാണ് റൊണാൾഡോ ഗോൾ നേടിയത്. അതിന് മുമ്പ് ഒട്ടേറെ തവണ താരം ഗോളിന് തൊട്ടരികിലെത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ആരോൺ റാംസിയുടെ പാസിൽ നിന്നാണ് താരം ഗോൾ നേടിയത്.
ഇതോടെ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് കൊണ്ട് സീസൺ തുടങ്ങിയിരിക്കുകയാണ് റൊണാൾഡോ. ഇത് തുടർച്ചയായി പത്തൊൻപതാം ടോപ് ഫ്ലൈറ്റ് സീസണിലാണ് റൊണാൾഡോ ഗോൾ നേടുന്നത്. 2020/21 സീസണിലെ ഗോളാണ് ഇന്നലെ റൊണാൾഡോ ആദ്യ മത്സരത്തിൽ തന്നെ സ്വന്തം പേരിൽ കുറിച്ചത്. 2002/03 സീസണിലാണ് റൊണാൾഡോ തന്റെ ടോപ് ഫ്ലൈറ്റ് സീസണുകളിൽ ഉള്ള ഗോൾവേട്ടക്ക് തുടക്കം കുറിക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ തുടർച്ചയായി പത്തൊൻപത് സീസണുകളിലും ക്രിസ്റ്റ്യാനോ ഗോൾ നേടിയത്.
അതേ സമയം ഈ വർഷത്തെ ഗോൾവേട്ടയിലും താരം മുന്നോട്ട് കുതിക്കുകയാണ്. 27 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് ആകെ ഈ വർഷം റൊണാൾഡോ നേടിയത്. രാജ്യത്തിനും ക്ലബ്ബിനുമായാണ് ഇത്. കൂടാതെ ഈ വർഷം സിരി എയിൽ മാത്രം 22 ഗോളുകൾ നേടി. നിലവിൽ റൊണാൾഡോ എഴുന്നൂറ്റി നാല്പത് കരിയർ ഗോളുകളുമുണ്ട്. പുതിയ സീസണിലും ഗോളടി തന്നെയാണ് ലക്ഷ്യമെന്ന് റൊണാൾഡോ അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ യുവേഫ നേഷൻസ് ലീഗിൽ സ്വീഡനെതിരെ ഇരട്ടഗോളുകൾ നേടി കൊണ്ട് റൊണാൾഡോ ഇന്റർനാഷണൽ ജേഴ്സിയിൽ നൂറ് ഗോളുകൾ പൂർത്തിയാക്കിയിരുന്നു. 109 ഗോളുകൾ ഉള്ള അലി ദായിയെയാണ് റൊണാൾഡോക്ക് ഇനി മറികടക്കാനുള്ളത്. ഒമ്പത് ഗോളുകൾ കൂടി റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്ന് പിറന്നാൽ ആ ചരിത്രനേട്ടവും റൊണാൾഡോയുടെ പേരിലാവും. അതിനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.