❝ഇടറാതെ പതറാതെ ഗോകുലം കേരള , ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലേക്ക് നടന്നടുത്ത് മലബാറിയൻസ്❞ |Gokulam Kerala |I League

കഴിഞ്ഞ കുറച്ച് കാലമായി കേരള ഫുട്ബോളിൽ കേൾക്കുന്നത് സന്തോഷകരമായ വാർത്തകൾ മാത്രമാണ്.ഗോകുലം കേരളം ഐ ലീഗ് കിരീടത്തിന് അടുത്തെത്തിയതും , കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിൽ സ്ഥാനം പിടിച്ചതും കേരളം സന്തോഷ് ട്രോഫി കിരീടം നേടിയതുമെല്ലാം കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന വാർത്തകളായിരുന്നു.

ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിൽ കൊമ്പന്റെ തലയെടുപ്പോടെ നിന്നിരുന്ന കേരളം കഴിഞ്ഞ രണ്ടു ദശകത്തിന്റെ ഇടയിൽ താഴേക്ക് കൂപ്പു കുത്തുന്ന കാഴ്‌ചയാണ്‌ കാണാൻ സാധിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് തുടക്ക കാലത്ത് ചെറിയ ഓളങ്ങൾ സൃഷ്ടിച്ചെങ്കിലും സ്ഥിരമാർന്ന കൊണ്ട് പോവാൻ സാധിക്കാതെ വന്നത് ആരാധകർക്കും കേരള ഫുട്ബോളിനും തിരിച്ചടിയായിരുന്നു.

എന്നാൽ 2019 -2020 സീസണിൽ ഐ ലീഗ് കിരീടം നേടി ഗോകുലം കേരള മലയാളി ഫുട്ബോൾ ആരാധകന്റെ മുഖത്ത് പുഞ്ചിരി തിരികെ കൊണ്ടുവന്നു. കേരള ഫുട്ബോളിന് അത് വലിയ ഉണർവും ശക്തിയും നൽകുകയും ചെയ്തു.2017 ൽ ജനിച്ച ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ പവർഹൗസായ കേരളത്തിന്റെ മഹത്വ ദിനങ്ങൾ തിരികെ കൊണ്ടുവരാനുള്ള ടീമിന്റെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ് ഗോകുലത്തിന്റെ സമീപകാല ടൈറ്റിൽ വിജയം. ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോളിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഗോകുലം. ഐ ലീഗ് നിലനിർത്തുന്ന ആദ്യ ടീമാവാൻ ഒരുങ്ങുകയാണ് മലബാരിയൻസ്. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കിരീടത്തിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തു, ഇനിയുള്ള മല്സരങ്ങളിൽ നിന്നും ഒരു പോയിന്റ് നേടിയാൽ രണ്ടാം ഐ ലീഗ് കിരീടം ഗോകുലത്തിന്റെ ഷെൽഫിൽ ഇരിക്കും.

ലീഗില്‍ ഇനി ബാക്കിയുള്ള രണ്ട് മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടിയാല്‍ ഗോകുലം കേരളക്ക് ഐ ലീഗ് കിരീടം നിലനിര്‍ത്താന്‍ സാധിക്കും. അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള മുഹമ്മദന്‍സ് അടുത്ത ഏതെങ്കിലും മത്സരത്തില്‍ തോറ്റാലും ഗോകുലത്തിന് രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തം ഷെല്‍ഫിലെത്തിക്കാം. ഇന്നലെ നടന്ന മത്സരത്തില്‍ 27ാം മിനുട്ടില്‍ ജോര്‍ദാനെ ഫ്‌ളെച്ചറുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയ ഗോള്‍. 16 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ഇപ്പോള്‍ ഗോകുലത്തിന്റെ സമ്പാദ്യം. ഇനി ഓരു പോയിന്റ് കൂടി ലഭിച്ചാല്‍ വീണ്ടും ദേശീയ കിരീടം കേരളത്തിലെത്തും. മെയ് 10ന് ശ്രീനിധി എഫ്.സിക്കെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം. ഐ ലീഗിൽ 21 മത്സങ്ങളിൽ തോൽവി അറിയാതെയാണ് ഗോകുലത്തിന്റെ കുതിപ്പ്.

ഗോകുലം ആദ്യ ഐ ലീഗ് കിരീടം നേടിയതോടെ കേരള ഫുട്ബോളിലും വലിയ മാറ്റങ്ങൾ കാണാൻ കഴിഞ്ഞു. 2020 ലെ ആദ്യ വിമൻസ് ലീഗിലും ഗോകുലം തന്നെയാണ് ചാമ്പ്യന്മാർ. അവർ ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും. പുരുഷ വനിതാ വിഭാഗങ്ങളിൽ ടീമുള്ള ആദ്യ ക്ലബ്ബാണ് ഗോകുലം. 2019 ൽ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി കൊണ്ടാണ് ഗോകുലം ഇന്ത്യൻ ഫുട്ബോളിലേക്ക് വരവറിയിച്ചത്. 2017 ൽ മാത്രം സ്ഥാപിതമായ ക്ലബ്ബിനെ അപേക്ഷിച്ച് വളരെ വലിയ നേട്ടം തന്നെയായിരുന്നു ഇത്.

2017 -18 സീസണിലാണ് ഗോകുലം ആദ്യമായി ഐ ലീഗിൽ പന്ത് തട്ടുന്നത്. ആദ്യ സീസണിൽ ഏഴാം സ്ഥാനത്തെത്തിയ അവർ രണ്ടാം സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം വീഴ്ത്തി അട്ടിമറീ വീരന്മാരായി. സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഐ.എസ്.എല്‍ ടീമുകളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെയും ബംഗളൂരു എഫ്.സിയെയുമെല്ലാം വിറപ്പിച്ചു. പോയ സീസണില്‍ ഡ്യൂറാന്‍ഡ് കപ്പില്‍ മുത്തമിട്ട് ചരിത്രമെഴുതി. കോവിഡ് കാലത്തും ക്ലബ് തല താഴ്ത്തിയില്ല. ഐ.എഫ്.എ ഷീല്‍ഡില്‍ പന്ത് തട്ടി കൊല്‍ക്കത്തയില്‍ തന്നെ തങ്ങി.

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ശക്തിയായി കേരളത്തെ കണക്കാക്കപ്പെട്ടിട്ടും 30 വർഷങ്ങൾക്ക് മുമ്പ് കേരള പോലീസ് നേടിയ ഫെഡറേഷൻ കപ്പായിരുന്നു എ എഫ് സിയുടെ അംഗീകാരമുള്ള ഒരു ദേശീയ ടൂർണമെന്റിലെ കേരള ടീമിന്റെ അവസാന ട്രോഫി.നാഷണൽ ലീഗും ഐ ലീഗും ഐ എസ് എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. നാലു വർഷങ്ങളിലായി നാലു വലിയ കിരീടങ്ങളും ഗോകുലം കേരള നേടി. ആദ്യം കേരള പ്രീമിയർ ലീഗ്, പിന്നെ ഡ്യൂറണ്ട് കപ്പ് നേടുന്ന ആദ്യ കേരള ക്ലബായി, പിന്നാലെ ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാരായി കൊണ്ട് അഭിമാനകരമായി നേട്ടത്തിൽ എത്തി. ഇന്ത്യയിലെ വലിയ ക്ലബുകൾ ഒക്കെ വനിതാ ടീം ഒരുക്കാൻ മടിച്ച് നിൽക്കുമ്പോൾ ആയിരുന്നു രാജ്യത്തെ മികച്ച വനിതാ ടാലന്റുകളെ വെച്ച് ഗോകുലം കേരള ഫുട്ബോൾ ടീം ഒരുക്കിയത്.

അതികം ആരും ശ്രദ്ധിക്കാതെയാണ് ഗോകുലത്തിന്റെ വരവ്. ഐഎസ്എ ല്ലിന്റെ വരവോടു കൂടി ഗ്ലാമർ നഷ്ടപെട്ട ഐ ലീഗിൽ മാറ്റുരച്ച ഗോകുലം സ്ഥിരതയാർന്ന പ്രകടനവും വീമ്പു പറച്ചിലും വെല്ലുവിളികളും ഇല്ലാതെ മുന്നേറിയപ്പോൾ നാലു വർഷം കൊണ്ട് തന്നെ ലക്‌ഷ്യം നിറവേറ്റുകയും ചെയ്തു. തൊണ്ണൂറുകളുടെ അവസാനത്തിൽ കേരത്തിൽ ഉദയം ചെയ്ത ആദ്യ പ്രൊഫഷണൽ ക്ലബായ എഫ്സി കൊച്ചിന്റെ ഉദയവും തകർച്ചയും കണ്ട കേരളത്തിലെ ആരാധകർക്ക് മുന്നിൽ പ്രൊഫഷണൽ ക്ലബുകൾക്ക് എങ്ങനെ ഒരു ക്ലബ് നടത്തണം എന്ന വലിയ മാതൃകയുമാണ് ഗോകുലം കേരള. ഇപ്പോഴും മലയാളി താരങ്ങൾക്കാണ് ഗോകുലം മുൻഗണന നൽകുന്നത്. നിരവധി മലയാളി താരങ്ങളാണ് ക്ലബിലൂടെ പ്രസക്തിയിലായത്. കേരള ഫുട്ബോളിൽ ഇനി ഗോകുലത്തിന്റെ നാളുകളായിരിക്കും എന്നതിൽ സംശയമില്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കേരളം ഫുട്ബോളിൽ പിന്നോട്ട് തന്നെയായിരുന്നു. മുൻ വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോളിൽ ഉണ്ടായ മേൽക്കോയ്മ നിലനിർത്താൻ കേരളത്തിനായില്ല.ശരിയായ ദീർഘകാല ആസൂത്രണത്തിന്റെ അഭാവവും പ്രൊഫഷണലിസത്തിന്റെ അഭാവവും കേരള ഫുട്ബോളിനെ ബാധിച്ചു.ക്ലബുകൾക്കും കേരള കളിക്കാർക്കും അവസരങ്ങൾ നൽകുന്ന ഒരു ലീഗ് തുടങ്ങാനും സാധിച്ചില്ല. ഗുണനിലവാരമുള്ള കളിക്കാർ കേരളത്തിൽ നിന്നും ഉയർന്നു വരുന്നത് ഈ കാലഘട്ടത്തിൽ കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിസ്മൃതിയിലായ എഫ്‌സി കൊച്ചിൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ തുടങ്ങിയ ടീമുകളിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണൽ സമീപനമാണ് ഗോകുലത്തിനു ഗുണമായത്.2019 ലെ ഹോം-ഡുറാൻഡ് കപ്പ് ചാമ്പ്യന്മാരിലും വിദേശത്ത് – ബംഗ്ലാദേശിൽ നടന്ന 2019 ഷെയ്ഖ് കമൽ ഇന്റർനാഷണൽ ക്ലബ് കപ്പിലും സെമിഫൈനലിൽ എത്തിയതെല്ലാം അവരുടെ വലിയ നേട്ടമായിരുന്നു . പ്രാദേശിക താരണങ്ങളെയാണ് ഗോകുലം കൂടുതൽ ആശ്രയിച്ചിരുന്നത്. ഫുട്ബോളിനെ ഒരു ബിസിനസ് ആയി കാണുന്നില്ല എന്നതാണ് ഗോകുലത്തിന്റെ വിജയം.ഗോകുലം ക്ലബ് പ്രസിഡണ്ട് വിസി പ്രവീണിന്റെ ദീര്ഘവീക്ഷണമാണ് ഗോകുലത്തിന്റെ കരുത്ത്.

ഈ മാസം അവസാനം കൊൽക്കത്തയിൽ നടക്കുന്ന എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കോണ്ടിനെന്റൽ സ്റ്റേജിൽ ക്ലബ് അരങ്ങേറ്റം കുറിക്കുമെന്നതിനാൽ ഗോകുലം കേരള ആരാധകർക്ക് ഈ സീസണിൽ ആവേശം കൊള്ളാൻ കൂടുതൽ കാരണങ്ങളുണ്ട്. ഇന്ത്യൻ ടീമായ എടികെ മോഹൻ ബഗാൻ, ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബശുന്ധര കിംഗ്സ്, മാലിദ്വീപ് ചാമ്പ്യൻമാരായ മാസിയ എന്നിവരെയാണ് മലബാറിയക്കാർ നേരിടുന്നത്.കോച്ച് ആനീസിനും കൂട്ടർക്കും, ഏഷ്യൻ വെല്ലുവിളിക്ക് തയ്യാറെടുക്കുന്നതിനുള്ള മികച്ച മാർഗം ലീഗ് വിജയമായിരിക്കും.

Rate this post
Gokulam KeralaI Leaguekerala football