ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്ന് നടന്ന അവസാന ലീഗ് ഘട്ട മത്സരത്തിൽ പഞ്ചാബ് എഫ്സിയെ തകർത്താണ് ഗോകുലം ഒന്നാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാർ തമ്മിലാണ് രണ്ടാം ഘട്ടത്തിൽ കിരീടത്തിനായുള്ള പോരാട്ടം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് ഗോകുലം വിജയിച്ചത്. ഗോകുലത്തിന്റെ ലീഗിലെ പരാജയ അറിയാത്ത 17ആം മത്സരമാണിത്. കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 13ആം മിനുട്ടിൽ ബൗബമയുടെ ഗോളാണ് ഗോകുലത്തിന് ലീഡ് നൽകിയത്. കോർണറിൽ നിന്നായിരുന്നു ഡിഫൻഡറിന്റെ ഗോൾ.
ആദ്യ പകുതി ഗോകുലം ഈ ഗോളിന്റെ ബലത്തിൽ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. ബൗബയുടെ ഒരു സെൽഫ് ഗോളിൽ 48ആം മിനുട്ടിൽ പഞ്ചാബ് സമനില കണ്ടെത്തി.63-ാം മിനിറ്റിൽ സ്ലോവേനിയൻ ഗോൾവേട്ടക്കാരൻ ലൂക്ക മസെൻ ഗോകുലത്തെ മുന്നിലെത്തിച്ചു. പത്ത് മിനിറ്റിന് ശേഷം പഞ്ചാബിന്റെ ഇംഗ്ലീഷ് താരം ജോസഫ് യാർനിയുടെ സെൽഫ് ഗോളിൽ ഗോകുലം ലീഡുയർത്തി. ബൗബയുടെ ഹെഡർ തട്ടികയറ്റാനുള്ള ശ്രമത്തിലാണ് പഞ്ചാബ് സെൽഫ് ഗോൾ വഴങ്ങിയത്.
ഇതോടെ ആദ്യ ഘട്ടത്തിലെ 12 മത്സരങ്ങളിൽ ഒരു തോൽവി പോലും വഴങ്ങാതെയാണ് ഗോകുലം രാജകീയമായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നത്. ഈ വിജയത്തോടെ ഗോകുലം കേരള 12 മത്സരങ്ങളിൽ 30 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. മൊഹമ്മദൻസ് 26 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഇനി രണ്ടാം ഘട്ടത്തിൽ 6 മത്സരങ്ങൾ കൂടെ ഗോകുലം കളിക്കും. ഇന്നത്തെ ജയത്തോടെ 12 വർഷം മുൻപ് ചർച്ചിൽ ബ്രദേഴ്സ് തീർത്ത 17 മത്സരങ്ങൾ അപരാജിതർ എന്ന റെക്കോർഡിനൊപ്പം ആണ് ഗോകുലം എത്തിയത്, ഇന്നലെ നടന്ന മസാരത്തിൽ നെറോക എഫ്സിക്കെതിരെ മൊഹമ്മദൻസ് 1-1 സമനിലയിൽ ആയതോടെ ഗോകുലം ആദ്യ ഘട്ടത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.