ശനിയാഴ്ച വാസ്കോഡ ഗാമയിലെ തിലക് മൈതാനത്ത് നടന്ന ഐ-ലീഗിൽ 2023-24ൽ ചർച്ചിൽ ബ്രദേഴ്സിനെ 2-1ന് പരാജയപ്പെടുത്തി തങ്ങളുടെ മിന്നുന്ന ഫോം തുടരുകയാണ് ഗോകുലം കേരള. ലീഗിലെ ഗോകുലത്തിന്റെ തുടർച്ചയായ ആറാം ജയം കൂടിയായിരുന്നു ഇത്.നിലവില്‍ 16 കളിയില്‍ നിന്ന് 32 പോയിന്റുമായി കൊല്‍ക്കത്തന്‍ വമ്പന്മാരായ മൊഹമ്മദന്‍സ് (15 കളിയില്‍ 34 പോയിന്റ്) പിന്നിലായാണ് ഗോകുലത്തിന്റെ സ്ഥാനം.
മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ അലക്സ് സാഞ്ചസ് നേടിയ ഗോളിൽ ഗോകുലം ലീഡ് നേടി.പത്തു മിനിറ്റിനുശേഷം അവർ രണ്ടു ഗോളിൻ്റെ ലീഡ് നേടി.അഭിജിത്ത് കെ ആണ് ഗോകുലത്തിന്റെ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ ചർച്ചിൽ ഒരു ഗോൾ മടക്കി.ലൂയിസ് ഒഗാനയാണ് ഗോൾ നേടിയത്. രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം മൂന്നാം കിരീടം നേടാനുറച്ചാണ് പോരാടുന്നത്.ഐലീഗ് ചാമ്പ്യന്മാര് ഐഎസ്എല്ലിലേക്ക് പ്രമോഷന് നേടുമെന്നതിനാല്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്.
പഞ്ചാബ് എഫ്സിയായിരുന്നു കഴിഞ്ഞ തവണ പ്രമോഷന് നേടിയ ടീം. ഇത്തവണ ലീഗ് ജയിച്ച ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന രണ്ടമത്തെ ടീമാവാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം. ഈ ഫോം തുടർന്ന് പോയാൽ ഗോകുലം വീണ്ടും ഐ ലീഗ് കിരീടത്തിൽ മുത്തമിടും എന്നുറപ്പാണ്. മലയാളി താരങ്ങളുടെ കരുത്തിലാണ് ഗോകുലം ഐ ലീഗിൽ മുന്നേറുന്നത്.
ചർച്ചിലിനെതിരെ ആദ്യ ഇലവനിൽ ഗോകുലം കേരളക്കു വേണ്ടി ഇറങ്ങിയ ഒരേയൊരു വിദേശതാരം ടീമിന്റെ ടോപ് സ്കോററായ അലക്സ് സാഞ്ചസ് മാത്രമാണ്.ഗോകുലം കോച്ച് ഡൊമിംഗോ ഒറാമാസ് എട്ട് മലയാളി താരങ്ങളെ ടീമിൽ ഉൾപ്പെടുത്തി. ഫെബ്രുവരി 29 നു ആണ് ഗോകുലത്തിന്റെ അടുത്ത മത്സരം ,നാംധാരി എഫ്സിക്കെതിരെയാണ്.