പകരക്കാരനായി വന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് പ്രഭുസുഖാൻ ഗിൽ .ഈ സീസണിൽ ഗോൾഡൻ ഗ്ലോവ് അവാർഡ് യുവ ഗോൾ കീപ്പർക്ക് ഉറപ്പായിരിക്കുകയാണ് . ആൽബിനോ ഗോമസിനു പകരം കളിക്കളത്തിലേക്ക് വന്ന താരമാണ് ഗിൽ. ബ്ലാസ്റ്റേഴ്സിനായുള്ള മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യൻ ടീമിൽ നിന്നും താരത്തിന് വിളി വരുകയും ചെയ്തു.
ലീഗ് ഘട്ടത്തിൽ ആറ് മത്സരങ്ങളിലും പ്ലേ ഓഫിലെ ആദ്യ പാദത്തിലും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നാണ് ഈ യുവഗോളി പുരസ്കാരം സ്വന്തം പേരിലേക്കാക്കുന്നത്. ഞായറാഴ്ച ഹൈദരബാദിനെതിരായ ഫൈനലിലും ക്ലീൻ ഷീറ്റ് നേടിയാൽ ആധികാരികമായി ഈ പുരസ്കാരം ഗില്ലിന് സ്വന്തമാകും. ആറു വീതം ക്ളീൻ ഷീറ്റുകൾ നേടിയ എടി കെ ഗോൾ കീപ്പർ അമരീന്ദറും ജംഷെദ്പൂരിന്റെ മലയാളി കീപ്പർ ടിപി രഹനേഷും ഗില്ലിനൊപ്പം ഗോൾഡൻ ഗ്ലോവിനായി കടുത്ത മത്സരത്തിനുണ്ടായിരുന്നു. എന്നാൽ ഇരുവരും സെമിയിൽ പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർക്ക് ഗോൾഡൻ ഗ്ലൗ പോരാട്ടത്തിൽ എതിരാളികൾ ഇല്ലാതെയായി.
ഒഡിഷയ്ക്കെതിരായ മത്സരത്തിനിടെ അൽബിനോ ഗോമസ് പരുക്കേറ്റ് പുറത്തായതോടെയാണ് ഗില്ലിന് ബ്ലാസ്റ്റേഴ്സ് ഗോൾവല കാക്കാൻ അവസരം ലഭിച്ചത്. എന്നാൽ തന്നിലേക്കെത്തിയ അവസരം മുതലാക്കിയ ഗിൽ തുടർന്ന് നടന്ന എല്ലാ മത്സരങ്ങളിലും മികവ് പുലർത്തുകയും ചെയ്തു. ബ്ലാസ്റ്റേഴ്സുമായി രണ്ടു വർഷത്തെ കരാറിൽ തരാം ഒപ്പിടുകയും ചെയ്തു.ഈ സീസണിൽ 19 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം കളിച്ച ഗിൽ പലപ്പോഴും ടീമിന്റെ വിജയങ്ങളിൽ പ്രധാന പങ്കുതന്നെ വഹിച്ചു. ഗിൽ ഈ സീസണിൽ ആകെ ഏഴു ക്ലീൻ ഷീറ്റുകൾ നിലനിറുത്തുകയും മിന്നുന്ന പ്രകടനം ബാറിന് കീഴെ കാഴ്ചവയ്ക്കുകയും ചെയ്തു. ബെംഗളൂരു എഫ് സിയിൽ നിന്നാണ് 2020ൽ ഗിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ഇന്ത്യൻ ആരോസിന്റെ കീപ്പറായിരുന്നു.
പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി. അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. ഇന്ത്യൻ U17,U23 ടീമുകളിൽ കളിച്ചിട്ടുള്ള ഗിൽ ഇന്ത്യൻ U20 ടീം നേടിയ അര്ജന്റീന U20 ടീമിനെതിരായ ചരിത്രവിജയത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ്. ആ മത്സരത്തിൽ ഗിൽ നേടിയ മികച്ച സേവുകൾ ടീമിനെ വിജയത്തിലേക്ക് നയിച്ചു.