2022 ലോകകപ്പ് ഫൈനൽ ബ്രസീലും ഫ്രാൻസും തമ്മിൽ, തെറ്റായ പ്രഖ്യാപനം നടത്തിയതു തിരുത്തി ഗൂഗിൾ

ഫുട്ബോൾ ലോകകപ്പ് നടക്കാൻ ഇനി രണ്ടു മാസങ്ങൾ പോലുമില്ലെന്നിരിക്കെ ആരാധകർ വളരെയധികം ആവേശത്തിലാണ് നിൽക്കുന്നത്. തങ്ങളുടെ ഇഷ്‌ട ടീമുകൾ ലോകകപ്പിൽ എത്രദൂരം മുന്നോട്ടു പോകുമെന്നതിനെ സംബന്ധിച്ചും കിരീടം നേടാനുള്ള സാധ്യതകളെ കുറിച്ചും ആരാധകർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിരവധി കരുത്തരായ ടീമുകൾ ലോകകപ്പിൽ അണിനിരക്കുന്നതിനാൽ തന്നെ ഇത്തവണ കിരീടപ്പോരാട്ടത്തിനായുള്ള മത്സരം കനക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ലോകകപ്പിനെ കുറിച്ചുള്ള ചർച്ചകൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ലോകകപ്പ് ഫൈനൽ കളിക്കുന്ന ടീമുകളെക്കുറിച്ച് തെറ്റായ പ്രഖ്യാപനം നടത്തിയിരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിൾ. ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ ഇനി നടക്കാൻ പോകുന്ന പ്രധാന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്ന സമയത്താണ് ലോകകപ്പ് ഫൈനലും അതിൽ ആരൊക്കെയാണ് കളിക്കുന്നതെന്ന വിവരവും ഗൂഗിൾ നൽകിയത്.

ലുസൈൽ സ്റ്റേഡിയത്തിലെ പരിപാടികൾ എന്നു ഗൂഗിളിൽ തിരയുമ്പോൾ പ്രാഥമിക റൗണ്ടിലെ ആറു മത്സരങ്ങൾ ഏതൊക്കെ ടീമുകൾ തമ്മിലാണ് നടക്കുന്നത് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാകും. അതിനു ശേഷം പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിൽ ഏതൊക്കെ ടീമുകളാണ് കളിക്കുന്നത് എന്നത് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നു നൽകുന്നതിനു പകരമാണ് ബ്രസീലും ഫ്രാൻസും തമ്മിലാണ് ഫൈനൽ നടക്കുകയെന്ന തെറ്റായ വിവരം ഗൂഗിൾ നൽകിയത്.

ഗൂഗിളിന്റെ പിഴവ് നിരവധി പേർ ചൂണ്ടിക്കാട്ടിയതോടെ അവർ അതു തിരുത്തിയിട്ടുണ്ട്. ഇപ്പോൾ ഫൈനൽ മത്സരം ഏതൊക്കെ ടീമുകൾ തമ്മിലാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന വിവരമാണ് ഗൂഗിൾ നൽകുന്നത്. എന്നാൽ ഗൂഗിൾ പറഞ്ഞതു തന്നെ സംഭവിക്കട്ടെ എന്നാണു ബ്രസീലിന്റെയും ഫ്രാൻസിന്റെയും ആരാധകർ പറയുന്നത്. ടൂർണമെന്റിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകളാണ് ബ്രസീലും ഫ്രാൻസും.

2022 നവംബർ 20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലോടെ ടൂർണമെന്റിന് തിരശീല വീഴും. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിൽ ഒന്നായിരിക്കും ഖത്തറിൽ നടക്കുകയെന്നാണ് സൂചനകൾ.

Rate this post