ദിവസങ്ങൾക്ക് മുൻപ് ഫിഫ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ അപ്രതീക്ഷിതമായി വിലക്കിയിരുന്നു.ഫിഫ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നടത്തിപ്പിനായി സുപ്രീം കോടതി ഇടപെട്ട് അഡ്മിനിസ്ട്രേറ്റർമാരുടെ ഒരു ടീമിനെ നിയോഗിച്ചിരുന്നു. ഗവേണിംഗ് കൗൺസിലിലെ മൂന്നാം കക്ഷി ഇടപെടൽ എന്ന നിലയിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഫിഫ ചട്ടങ്ങളുടെ ലംഘനമായി കാണപ്പെട്ട പശ്ചാത്തലത്തിൽ ആയിരുന്നു ഫിഫയുടെ വിലക്ക് വന്നത്.ഫിഫയുടെ നിയമങ്ങൾ അനുസരിച്ച്, ഫുട്ബോൾ ഫെഡറേഷനുകൾ സ്വതന്ത്രമായിരിക്കണം, ഫുട്ബോൾ ഫെഡറേഷനുകളിൽ മൂന്നാം കക്ഷി ഇടപെടൽ നിയമങ്ങളുടെ ലംഘനമാണ്.ഇതോടെ ഇന്ത്യൻ ദേശീയ ടീമിന് രാജ്യാന്തര മത്സരങ്ങളിൽ വിലക്കും ഇന്ത്യൻ ക്ലബുകൾക്ക് എഎഫ്‌സി ടൂർണമെന്റുകളിലും വിലക്കേർപ്പെടുത്തി.
ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഈ വിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വനിതാ ടീമിന് ലോകകപ്പ് കളിക്കാനാകില്ല. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഇത് വളരെ വലിയ തിരിച്ചടിയാണ്.എന്നാൽ ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റുന്നത് തടയാൻ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും ഇപ്പോൾ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നിയന്ത്രിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർമാരുടെ ടീമിനെ കോടതി തന്നെ പിരിച്ചുവിട്ടു.
In order to revoke the FIFA ban, the Supreme Court of India has terminated CoA and ordered the acting general secretary to look into daily affairs of AIFF.#IndianFootball ⚽️https://t.co/75wdTE90j4
— The Bridge Football (@bridge_football) August 22, 2022
ഇത് മാത്രമല്ല അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഈ മാസം നടക്കും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ സ്വതന്ത്ര നേതൃത്വത്തിന് ശേഷം ഫിഫയുടെ വിലക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. അണ്ടർ 17 വനിതാ ലോകകപ്പിന്റെ വേദി ഇന്ത്യയിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഫിഫയുമായി ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ലോകകപ്പ് ടൂർണമെന്റ് മറ്റെന്തിനേക്കാളും പ്രധാനമാണെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും വരാനിരിക്കുന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയുമായ ബൈചുങ് ബൂട്ടിയ പറഞ്ഞു.