ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ അലാവസ് എഫ്സി ബാഴ്സലോണയെ സമനിലയിൽ കുരുക്കിയിരുന്നു. 1-1 എന്ന സ്കോറിനാണ് ബാഴ്സയെ അലാവസ് തളച്ചത്. ലാലിഗയിൽ വളരെ മോശം പ്രകടനമാണ് ഈയിടെയായി ബാഴ്സയുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. അവസാനനാലു മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ജയം പോലും നേടാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല.
മത്സരത്തിൽ ബാഴ്സയെ ഞെട്ടിച്ചു കൊണ്ട് അലാവസാണ് ലീഡ് നേടിയത്. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിൽ ലൂയിസ് റോഹയാണ് അലാവസിന് ലീഡ് നേടികൊടുത്തത്. ബാഴ്സ ഗോൾകീപ്പർ നെറ്റോയുടെ പിഴവിൽ നിന്നാണ് അലാവസ് ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ അലാവസ് താരം ജോട്ട രണ്ടാം യെല്ലോ കാർഡ് കണ്ടു പുറത്ത് പോയത് മത്സരത്തെ ബാഴ്സക്ക് അനുകൂലമാക്കി മാറ്റി.
തുടർന്ന് 63-ആം മിനുട്ടിൽ ഗ്രീസ്മാൻ ബാഴ്സക്ക് വേണ്ടി ഗോൾ നേടി.പക്ഷെ പിന്നീട് ഗോളുകൾ ഒന്നും തന്നെ നേടാൻ ബാഴ്സക്ക് കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ ബാഴ്സ ഏറെ പിറകിലായി. എട്ട് പോയിന്റ് മാത്രമുള്ള ബാഴ്സ പന്ത്രണ്ടാം സ്ഥാനത്താണ്. ഈ അടുത്ത കാലത്തെ ഏറ്റവും മോശം തുടക്കമാണ് ബാഴ്സക്ക് ഈ സീസണിൽ ലഭിച്ചത്. എന്നാൽ ഗോൾ കണ്ടെത്തിയതോടെ തന്റെ ഗോൾക്ഷാമത്തിന് അറുതി വരുത്താൻ ഗ്രീസമാന് ആയി.
ഈ സീസണിലെ ആദ്യ ഗോളാണ് ഗ്രീസ്മാൻ ഇന്നലെ നേടിയത്. ഇതിന് മുമ്പ് താരം ഗോൾ നേടിയത് ജൂലൈയിൽ വിയ്യാറയലിനെതിരെയുള്ള മത്സരത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ രണ്ട് ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. നാപോളിക്കെതിരെയുള്ള മത്സരത്തിലായിരുന്നു ഒരു ഗോൾ.പിന്നീട് ജൂലൈയിലും ഗോൾ നേടി. അതിന് ശേഷം പത്ത് മത്സരങ്ങളിൽ നിന്നായി 674 മിനുട്ടാണ് താരം ഗോളില്ലാതെ കളിച്ചത്.