മുൻപ് ദേശീയ ടീമിനു വേണ്ടി നേടിയ റെക്കോർഡുകൾ വച്ചു മാത്രം ഗ്രീസ്മനു ഫ്രാൻസ് ടീമിൽ സ്ഥാനം ലഭിക്കില്ലെന്നും മികച്ച പ്രകടനം നടത്തേണ്ടത് താരത്തിന് അത്യാവശ്യമാണെന്നും മുന്നറിയിപ്പു നൽകി പരിശീലകൻ ദെഷാംപ്സ്. പേർച്ചുഗലിനെതിരായ മത്സരത്തിൽ താരത്തിന്റെ പ്രകടനത്തിനെതിരെ ഉയർന്ന വിമർശനങ്ങളോടു പ്രതികരിക്കുമ്പോൾ ഗ്രീസ്മന് ഏറ്റവും മികച്ച പ്രകടനം ടീമിനു വേണ്ടി കാഴ്ച വെക്കാൻ കഴിവുണ്ടെന്നും ദെഷാംപ്സ് വെളിപ്പെടുത്തി.
“ഗ്രീസ്മന്റെ അവസാനത്തെ മത്സരത്തെ കുറിച്ചായിരിക്കും നിങ്ങൾ ആലോചിക്കുന്നുണ്ടാവുക. പക്ഷേ താരത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് നോക്കുക. എൺപത്തിയൊന്നു മത്സരങ്ങളിൽ നിന്നും മുപ്പത്തിരണ്ടു ഗോളുകളും ഇരുപത്തിയൊന്നു അസിസ്റ്റുകളും. അതു തന്നെ എല്ലാം പറയുന്നുണ്ട്.” ദെഷാംപ്സ് പറഞ്ഞു.
“എന്നാൽ ഈ റെക്കോർഡുകളൊന്നും താരത്തിന് യാതൊന്നും ഉറപ്പു നൽകുന്നില്ല. ഗ്രീസ്മനടക്കമുള്ള മറ്റു ചില താരങ്ങൾക്ക് പോർച്ചുഗലിനെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ചും ടീമിനു വേണ്ടി എന്തു ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും എനിക്കു സംശയമില്ല.” ദെഷാംപ്സ് പറഞ്ഞു.
അറ്റ്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്സയിൽ എത്തിയതിനു ശേഷം ഗ്രീസ്മന്റെ പ്രകടനം പുറകോട്ടു പോയിട്ടുണ്ട്. പൊസിഷൻ മാറിക്കളിക്കുന്നതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്ന താരത്തിന്റെ ആത്മവിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. യൂറോ ടീമിൽ ഇടം പിടിക്കണമെങ്കിൽ ഈ സീസണിൽ മികവു കാണിക്കേണ്ടത് ഗ്രീസ്മന് അത്യാവശ്യമാണ്.