കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ എഫ്സി ബാഴ്സലോണയിൽ സന്തുഷ്ടനല്ല എന്ന കാര്യം സുവ്യക്തമാണ്. യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിന്റെ മത്സരശേഷം ഗ്രീസ്മാൻ നടത്തിയ പ്രസ്താവനയിൽ നിന്നാണ് താരത്തിൽ അതൃപ്തി ഉണ്ടെന്നുള്ളത് പുറത്തേക്ക് വന്നത്. കൂമാനെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു ഗ്രീസ്മാൻ രംഗത്ത് വന്നിരുന്നത്. ബാഴ്സയിൽ താൻ നിറം മങ്ങാൻ കാരണം കൂമാൻ തന്നെ യഥാർത്ഥ പൊസിഷനിൽ കളിപ്പിക്കുന്നില്ല എന്നാണ് ഗ്രീസമാന്റെ അഭിപ്രായം.
എന്നാൽ ഇതിന് കൂമാൻ മറുപടി നൽകുകയും ചെയ്തിരുന്നു. ഒരു ക്ലബ്ബിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് പരിശീലകനാണെന്നും ടീമിന്റെ നല്ലതിന് വേണ്ടിയാണ് താൻ തീരുമാനങ്ങൾ എടുക്കുന്നതെന്നും കൂമാൻ അറിയിച്ചു. തുടർന്ന് ഗെറ്റാഫക്കെതിരെ നടന്ന മത്സരത്തിൽ ബാഴ്സ തോൽക്കുകയും ചെയ്തിരുന്നു. ഗ്രീസ്മാന് തിളങ്ങാനും സാധിച്ചിരുന്നില്ല. ഇതോടെ താരം ബാഴ്സ വിടുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനെ തുടർന്ന് താരത്തിന് വേണ്ടി യൂറോപ്പിലെ വമ്പൻ ക്ലബുകൾ രംഗത്ത് വന്നിട്ടുണ്ട്.
ഇറ്റാലിയൻ വമ്പൻമാരായ യുവന്റസും ഇന്റർ മിലാനുമാണ് നിലവിൽ താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്. താരത്തിന്റെ അവസ്ഥകളെയാണ് നിലവിൽ ഇരു ക്ലബുകളും വിലയിരുത്തുന്നത്. താരം ക്ലബ് വിടാൻ തീരുമാനിച്ചാൽ ഈ ജനുവരിയിൽ തന്നെ റാഞ്ചാനാണ് യുവന്റസിന്റെ പദ്ധതി. ജനുവരി ട്രാൻസ്ഫറിൽ ഗ്രീസ്മാനെ ലോണിൽ എത്തിക്കാനാണ് യുവന്റസും ഇന്റർമിലാനും ലക്ഷ്യമിട്ടിരിക്കുന്നത്.
ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർക്കാറ്റോയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മുമ്പ് താരത്തെ ടീമിൽ എത്തിക്കാൻ വേണ്ടി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഗ്രീസ്മാൻ ബാഴ്സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വീണ്ടും ക്ലബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വന്നതോടെ പിഎസ്ജി വീണ്ടും ശ്രമങ്ങൾ ആരംഭിച്ചേക്കും. കഴിഞ്ഞ സീസണിൽ ലീഗിൽ ഒമ്പത് ഗോളുകൾ മാത്രമേ താരത്തിന് നേടാനായിട്ടൊള്ളൂ. മാത്രമല്ല ഈ സീസണിൽ നാലു മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിട്ടില്ല.