ബാഴ്സലോണ ടീമിൽ ഗ്രീസ്മൻ മോശം പ്രകടനം കാഴ്ച വെക്കുന്നതിന് മെസിയുടെ സാന്നിധ്യവും കാരണമാകുന്നുണ്ടെന്ന് മുൻ ആഴ്സനൽ പരിശീലകൻ വെങ്ങർ അഭിപ്രായപ്പെട്ടു. ഗ്രീസ്മനെ മറികടക്കുന്ന മെസിയുടെ സാന്നിധ്യം താരത്തിന്റെ മികവിനെ ബാധിക്കുന്നുണ്ടെന്നാണ് വെങ്ങർ പറയുന്നത്. അത്ലറ്റികോയിൽ നിന്നും ബാഴ്സയിൽ എത്തിയതിനു ശേഷം തന്റെ കഴിവിനനുസരിച്ച പ്രകടനം കാഴ്ച വെക്കാൻ ഗ്രീസ്മനു കഴിഞ്ഞിട്ടില്ലായിരുന്നു.
“ഗ്രീസ്മൻ അദ്ദേഹത്തിന്റെ പൊസിഷനിൽ കളിക്കുന്നില്ലെന്നത് ദീർഘകാലത്തേക്ക് ആകുമ്പോൾ സങ്കീർണത സൃഷ്ടിക്കും. ആദ്യം താരമത് അംഗീകരിച്ചിരുന്നു. എന്നാൽ വളരെക്കാലം പൊസിഷൻ മാറി കളിക്കുന്നതു മൂലം തന്റെ കഴിവിനൊത്ത പ്രകടനം കാഴ്ച വെക്കാൻ ഗ്രീസ്മനു കഴിയുന്നില്ലെങ്കിൽ അതു താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.”
“വർക്ക് റേറ്റും പാസിങ്ങിലുള്ള കൃത്യതയും കണക്കിലെടുക്കുമ്പോൾ ഗ്രീസ്മനെ സെന്റർ പൊസിഷനിലാണ് കളിപ്പിക്കേണ്ടത്. ഗോളുകളും അസിസ്റ്റും നൽകി താരത്തിന് അപകടകാരിയാവാൻ കഴിയും. എന്നാൽ മെസിക്കൊപ്പം കളിക്കുന്നതിന്റെ ബുദ്ധിമുട്ട് ഗ്രീസ്മനുണ്ട്.” വെങ്ങർ ബീയിൻ സ്പോർട്സിനോടു പറഞ്ഞു.
ഗ്രീസ്മനെ പുറത്തിരുത്തി ട്രിൻകാവോയെ കളത്തിലിറക്കിയ കഴിഞ്ഞ മത്സരത്തിൽ ബാഴ്സ മികച്ച പ്രകടനം നടത്തിയിരുന്നു. റയലിനെതിരെയും താരത്തെ പുറത്തിരുത്തി ബാഴ്സ മികച്ച വിജയം നേടിയാൽ അതു ഗ്രീസ്മന്റെ ബാഴ്സ ഭാവിയെ തന്നെ ബാധിക്കാനിടയുണ്ട്.