“അവനു ബാഴ്‌സയെ വളരെ ഇഷ്‌ടമാണ്‌”- മാഞ്ചസ്റ്റർ സിറ്റി താരം ക്ലബ് വിട്ടേക്കുമെന്ന സൂചന നൽകി ഗ്വാർഡിയോള

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളെ സ്വന്തമാക്കിയ ബാഴ്‌സലോണ പുതിയ സീസണിനായി മികച്ച രീതിയിലുള്ള തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. താരങ്ങൾ തമ്മിൽ ഒത്തിണക്കത്തോടെ, പരിശീലകനായ സാവിയുടെ പദ്ധതികൾ കളിക്കളത്തിൽ നടപ്പിലാക്കിയാൽ യൂറോപ്പിലെ ഏതു വമ്പൻ ടീമിനോടും മുട്ടാനുള്ള കരുത്ത് ബാഴ്‌സലോണക്ക് ഇപ്പോഴുണ്ട്. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ നേടി വിജയവും കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ വിജയത്തിന് അരികിൽ എത്തിയതുമെല്ലാം ബാഴ്‌സ കരുത്ത് വീണ്ടെത്തുവെന്നതിന്റെ തെളിവാണ്.

എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ തങ്ങളുടെ സൈനിംഗുകൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് ബാഴ്‌സലോണ വ്യക്തമാക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ബെർണാർഡോ സിൽവ, ചെൽസി ലെഫ്റ്റ് ബാക്കായ മാർക്കോസ് അലോൺസോ എന്നിവരെയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ബാഴ്‌സലോണ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഇതിൽ ബെർണാർഡോ സിൽവക്ക് ബാഴ്‌സയിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള തന്നെ വ്യക്തമാക്കുകയുണ്ടായി. താരത്തിന്റെ ആഗ്രഹത്തിന് ക്ലബ് എതിരു നിൽക്കില്ലെന്നും ന്യായമായ ഫീസ് ലഭിച്ചാൽ സിൽവയെ വിട്ടു നൽകുമെന്നും അദ്ദേഹം അറിയിച്ചു.

“അവൻ ഞങ്ങളുടെ കളിക്കാരനാണ്. വളരെ പ്രധാനപ്പെട്ട താരമാണ് എന്നതിനാൽ തന്നെ അവനെ ഞങ്ങൾക്കൊപ്പം വേണം. അതു പറയുമ്പോൾ തന്നെ ഒരാളും സന്തോഷമില്ലാതെ ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അതിനൊപ്പം തന്നെ താരം ക്ലബ് വിടാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് ലഭിച്ച ഏറ്റവും മികച്ചയാളാണ് സിൽവ. ഏഴു ദിവസം ബാക്കി നിൽക്കെ ഒരു മികച്ച ഓഫർ വന്ന് ബെർണാർഡോ ക്ലബ് വിറ്റാൽ ഞങ്ങൾക്ക് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാവും. അതേസമയം ബെർണാർഡോ ബാഴ്‌സയെ വളരെയധികം ഇഷ്‌ടപ്പെടുന്നു.” ഗ്വാർഡിയോള മാധ്യമങ്ങളോട് പറഞ്ഞു.

ഇനി മൂന്നു വർഷത്തെ കരാർ കൂടി സിൽവക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി ബാക്കി നിൽക്കുന്നുണ്ട് എന്നതിനാൽ തന്നെ താരത്തെ വാങ്ങണമെങ്കിൽ ബാഴ്‌സലോണ വലിയ തുക എറിയേണ്ടി വരും. അതിനു പുറമെ താരത്തെ രജിസ്റ്റർ ചെയ്യുന്നതിനായി വേതനബിൽ കുറക്കാൻ നിലവിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കേണ്ടതും അനിവാര്യമായ കാര്യമാണ്. ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ട്രാൻസ്‌ഫർ നടക്കാൻ സാധ്യത വളരെ കുറവാണെങ്കിലും അതൊരിക്കലും സംഭവിക്കെല്ലെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.

Rate this post
Bernardo SilvaFc BarcelonaManchester cityPep Guardiola