“മാഞ്ചസ്റ്റർ സിറ്റി ഒരുപാടകലെയാണ്”- ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയാർക്കെന്ന് ഗ്വാർഡിയോള പറയുന്നു

ഓരോ പുതിയ സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളുടെ പേരുകൾ വരുമ്പോൾ അതിൽ മാഞ്ചസ്റ്റർ സിറ്റിയും ഉണ്ടാകും. യൂറോപ്പിലെ ഗോളാടിയന്ത്രമായ എർലിങ് ബ്രൂട്ട് ഹാലൻഡ് കൂടി ടീമിലെത്തിയതോടെ ഇത്തവണയും കിരീടം നേടാൻ കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകൾക്ക് സാധ്യതയുണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടാനുള്ള സാധ്യതകൾ വിദൂരമാണെന്നാണ് പരിശീലകനായ പെപ് ഗ്വാർഡിയോള പറയുന്നത്. ആർക്കാണ് ഇത്തവണ ഏറ്റവുമധികം സാധ്യതയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

“എനിക്കെല്ലാ വർഷവും ഈ ചോദ്യം നേരിടേണ്ടി വരാറുണ്ട്. കായികമേഖല നിങ്ങൾക്ക് എല്ലായിപ്പോഴും മറ്റൊരു അവസരവും നൽകുന്നു. ഞങ്ങൾക്കാണ് കിരീടം നേടാൻ കൂടുതൽ സാധ്യതയെന്ന് അവർ പറയുന്നു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം റയൽ മാഡ്രിഡാണ് ഓരോ വർഷവും കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീം.” പെപ് ഗ്വാർഡിയോള പറഞ്ഞത് ഡെയിലി മെയിൽ വെളിപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ ഈ സീസണിലെ സാധ്യതകളെ കുറിച്ചും ഗ്വാർഡിയോള പറഞ്ഞു.

“അതു ഞങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ആരാധകരിൽ നിന്നും ശിക്ഷയും നേരിടേണ്ടി വരും. യൂറോപ്പിൽ സെവിയ്യക്കുള്ളതു പോലൊരു കഥ ഞങ്ങൾക്കുമുണ്ടാകാൻ താൽപര്യമുണ്ട്. മാഞ്ചസ്റ്റർ സിറ്റി യൂറോപ്പിൽ ഇതുവരെ യൂറോപ്പിൽ ചെയ്‌തതു വെച്ചു നോക്കുമ്പോൾ ഞങ്ങൾ വളരെ അകലെയാണ്. ഞങ്ങൾ വീണ്ടും ശ്രമിക്കും. ജയിക്കുമോ, ഇല്ലയോ എന്നൊന്നും എനിക്കറിയില്ല.” ആറു യൂറോപ്പ ലീഗ് നേടിയിട്ടുള്ള സെവിയ്യയെ ഇന്ന് രാത്രി നേരിടാൻ തയ്യാറെടുക്കേ പെപ് ഗ്വാർഡിയോള പറഞ്ഞു.

അതേസമയം ഏവരുടെയും പ്രതീക്ഷയായ എർലിങ് ബ്രൂട്ട് ഹാലാൻഡിൽ അമിതമായി ആശ്രയിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ഗുണം ചെയ്യില്ലെന്നും അങ്ങിനെ ചെയ്‌താൽ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയില്ലെന്നും ഗ്വാർഡിയോള പറഞ്ഞു. ഗ്വാർഡിയോള സിറ്റിയുടെ സാധ്യതകൾ എഴുതിത്തള്ളുന്നുണ്ടെങ്കിലും ഈ സീസണിൽ കിരീടം നേടാൻ അവർക്ക് വളരെയധികം സാധ്യതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ സിറ്റി അതിനു മുൻപത്തെ സീസണിൽ ഫൈനലിസ്റ്റുകളായിരുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ എർലിങ് ബ്രൂട്ട് ഹാലൻഡ് വളരെ പെട്ടന്ന് തന്നെ ഫോം കണ്ടെത്തിയതാണ് മാഞ്ചസ്റ്റർ സിറ്റിക്ക് സാധ്യത നൽകുന്നത്. സീസണിൽ ഏഴു മത്സരങ്ങൾ കളിച്ച താരം പത്ത് ഗോളുകൾ ഇതുവരെ നേടി. പ്രീമിയർ ലീഗിൽ സിറ്റി രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ മറുവശത്തു മോശം ഫോമിലാണ് സെവിയ്യ. ലാ ലീഗയിൽ ഇതുവരെയും ഒരു വിജയം പോലും നേടാൻ കഴിയാത്ത അവർ കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങുകയും ചെയ്‌തിരുന്നു.

Rate this post