ലോകറെക്കോർഡുകൾ രേഖപ്പെടുത്തി വെക്കുന്ന ഗിന്നസ് ബുക്കിൽ തന്റെ നാമം ചേർത്തിരിക്കുകയാണ് ബാഴ്സയുടെ യുവവിസ്മയം അൻസു ഫാറ്റി. ഇന്നലെയാണ് താരം ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയത് പബ്ലിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോറർ എന്ന നേട്ടമാണ് താരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ കുറിക്കപ്പെട്ടത്. 2019, ഡിസംബർ പത്തിന് ഇന്റർ മിലാനെതിരെ ഗോൾനേടിയതോടെയായിരുന്നു ഫാറ്റി ഈ നേട്ടം സ്വന്തം പേരിലാക്കിയത്.
ആ ഗോൾ നേടുമ്പോൾ ഫാറ്റിയുടെ പ്രായം കേവലം പതിനേഴ് വർഷവും നാല്പത് ദിവസവും മാത്രമായിരുന്നു. ഗിന്നസ് ബുക്കിലെ സ്പാനിഷ് എഡിഷനിലെ 214-ആം പേജിലാണ് ഫാറ്റിയുടെ നാമം എഴുതിചേർത്തത്. മുമ്പ് തന്നെ ഈ പേജിൽ ഇടം നേടിയ താരമാണ് ലയണൽ മെസ്സി. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡിയോറുകൾ നേടിയ താരമെന്ന റെക്കോർഡാണ് മുമ്പ് ഈ പേജിൽ കുറിക്കപ്പെട്ടിട്ടുള്ളത്.ആറു തവണയാണ് മെസ്സി ബാലൺ ഡിയോർ നേടിയിട്ടുള്ളത്.
മറ്റൊരു യുവപ്രതിഭ എർലിങ് ഹാലണ്ടും മുമ്പ് ഇതിൽ ഇടം നേടിയിട്ടുണ്ട്. അണ്ടർ 20 വേൾഡ് കപ്പിൽ ഹോണ്ടുറാസിനെതിരെ ഒമ്പത് ഗോളുകൾ നേടികൊണ്ടാണ് റെക്കോർഡ് പുസ്തകത്തിൽ താരം ഇടം നേടിയത്. കൂടാതെ ജനുവരി 2020-ൽ ബുണ്ടസ്ലിഗയിൽ ഹാട്രിക്ക് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാവാനും ഹാലണ്ടിന് സാധിച്ചിരുന്നു. പതിനെട്ടു പ്രീമിയർ ലീഗുകൾ നേടിയ ലിവർപൂളും റെക്കോർഡ് പുസ്തകത്തിൽ ഉണ്ട്.
കൂടാതെ അണ്ടോറൻ താരം ഇഡെഫോൺസോ ലിമയും ഗിന്നസ് റെക്കോർഡ് കുറിച്ചിട്ടുണ്ട്. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ കാലം കളിച്ച താരമെന്ന റെക്കോർഡ് ആണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. 2019 നവംബറിലാണ് അദ്ദേഹം ഈ റെക്കോർഡ് കുറിച്ചത്. 22 വർഷവും 148 ദിവസവുമാണ് അദ്ദേഹം അണ്ടോറ ടീമിനായി കളിച്ചത്. 1997 ജൂണിൽ ആയിരുന്നു അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.