കൊറോണ മഹാമാരിയുടെ പ്രഭാവം മൂലം സാമ്പത്തികമായി ബുദ്ദിമുട്ടനുഭവിക്കുന്ന ആഴ്‌സണൽ തങ്ങളുടെ മസ്ക്കോട്ട്(ഭാഗ്യചിഹ്നം) ആയ ഗണ്ണേഴ്സോറസിനെ അനാവശ്യചിലവായി കണക്കാക്കി ഒഴിവാക്കാനുള്ള തീരുമാനത്തിലെത്തി നിൽക്കുകയാണ്. ആഴ്സണലിന്റെ മസ്ക്കോട്ട് ആഴ്സണലിന്റെ ജേഴ്‌സിയണിഞ്ഞ പച്ചനിറത്തിലുള്ള ഒരു ദിനോസറാണ്.
27 വർഷമായി ആഴ്സണലിന്റെ സ്റ്റേഡിയത്തിൽ മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമാണ് ഈ ഗണ്ണേഴ്‌സോറസ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്തു സ്റ്റേഡിയത്തിൽ ആരാധകർക്കു പ്രവേശനമില്ലാത്തതിനാൽ അതിൽ നിന്നും കിട്ടേണ്ടിയിരുന്ന വരുമാനമില്ലാത്തതിനാൽ വൻ നഷ്ടമാണ് ലണ്ടൻ ക്ലബ്ബിനു സംഭവിച്ചു കൊണ്ടിരിക്കുന്നത്.
അതിനാൽ അനാവശ്യമായുള്ള 55 ചിലവുകളുടെ കൂട്ടത്തിലേക്ക് ഭാഗ്യ ചിഹ്നമായ ഈ മാസ്കോട്ടിനെയും ആഴ്‌സണൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ജെറി ഖുയ് എന്ന വ്യക്തിയാണ് 27 കൊല്ലമായി ഈ ഭാഗ്യചിഹ്നത്തിന്റെ വേഷം ധരിച്ചു സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ ഈ മസ്കോട്ടിന്റെ രക്ഷക്കായി ആഴ്‌സണൽ സൂപ്പർതാരം മെസ്യൂട് ഓസിൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താൻ ആഴ്സണലിൽ ഉള്ളിടത്തോളം കാലം മാസ്കോട്ടിന്റെ സാലറിയടക്കം മുഴുവൻ ചെലവ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി സോഷ്യൽ മീഡിയയിലൂടെയാണ് ഓസിൽ പിന്തുണയുമായെത്തിയത്.
“ഞാൻ ആഴ്‌സണൽ താരമായിരിക്കുന്നിടത്തോളം കാലം ആ വലിയ സ്ക്രീനിലെ താരത്തിനു ആഴ്സണലിന് വരുന്ന സാലറിയടക്കമുള്ള മുഴുവൻ ചിലവും ഞാൻ ഓഫർ ചെയ്യുകയാണ്. ജെറിക്കു അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ജോലിയിൽ തന്നെ തുടരാം” ഗണ്ണേഴ്‌സോറസിനു നീതി വേണം എന്ന സോഷ്യൽ മീഡിയ ഹാഷ്ടാഗ് ഉപയോഗിച്ചാണ് ഓസിൽ ഇങ്ങനെ കുറിച്ചത്. വർഷത്തിൽ 20 മില്യൺ യൂറോയിലധികം വരുമാനമുള്ള ഓസിൽ ആഴ്സണലിൽ പുറത്താവലിന്റെ വക്കിലെത്തി നിൽക്കുമ്പോഴാണ് ഇത്തരമൊരു പ്രവൃത്തിയെന്നത് പ്രശംസാവഹനീയമാണ്.