പ്രീമിയർ ലീഗിൽ എർലിങ് ഹാലൻഡിന്റെ ഗോൾവേട്ട മെസിയുടെ സർവകാല റെക്കോർഡിനു ഭീഷണി

ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിനു വേണ്ടി കളിക്കുന്ന സമയത്താണ് നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ബ്രൂട്ട് ഹാലൻഡ് ചാമ്പ്യൻസ് ലീഗിൽ നടത്തിയ പ്രകടനം കൊണ്ട് യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. അവിടെ നിന്നും ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറിയ താരം അവർക്കൊപ്പവും തന്റെ ഗോൾവേട്ട തുടരുകയും യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളെന്ന ഖ്യാതി നേടിയെടുക്കുകയും ചെയ്‌തു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ക്ലബുകൾ ഹാലാൻഡിനു വേണ്ടി രംഗത്തു വന്നിരുന്നെങ്കിലും തന്റെ പിതാവ് മുൻപ് കളിച്ച മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് താരം ചേക്കേറിയത്.

മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ഹാലൻഡിന്റെ ട്രാൻസ്‌ഫർ സമ്മിശ്രമായ പ്രതികരണം ആണു സൃഷ്‌ടിച്ചത്. കെവിൻ ഡി ബ്രൂയ്ൻ, ബെർണാർഡോ സിൽവ എന്നിങ്ങനെ മികച്ച പ്ലേമേക്കർമാരുടെ സാന്നിധ്യവും ആക്രമണത്തിലൂന്നിയ ശൈലിയുമുള്ള മാഞ്ചസ്റ്റർ സിറ്റിയിൽ താരം മികച്ച പ്രകടനം നടത്തുമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ പ്രീമിയർ ലീഗിന്റെ ശൈലിയോട് താരത്തിന് യോജിച്ചു പോകാൻ കഴിയില്ലെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുകയുണ്ടായി. ഇപ്പോൾ അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം എർലിങ് ഹാലൻഡ് പൂർത്തിയാക്കിയപ്പോൾ തന്നെ സംശയിച്ചവരുടെ വായടപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി അഞ്ചു ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടു ഹാട്രിക്ക് ഉൾപ്പെടെ ഒൻപതു ഗോളുകൾ നേടി ഗോൾവേട്ടക്കാരുടെ പട്ടികയിൽ എർലിങ് ബ്രൂട്ട് ഹാലൻഡ് വളരെയധികം മുന്നിലാണ്. പരിക്കില്ലാതെ ഇതേ ഫോമിൽ തുടരാൻ കഴിഞ്ഞാൽ ഈ സീസണിലെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ഹാലൻഡ് തന്നെ സ്വന്തമാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു പുറമെ ലയണൽ മെസിയുടെ പേരിലുള്ള ഒരു റെക്കോർഡിനെ നോർവീജിയൻ താരം മറികടക്കുമോ എന്ന ചർച്ചയും ഫുട്ബോൾ ആരാധകർക്കിടയിൽ ആരംഭിച്ചിട്ടുണ്ട്.

2011-12 സീസണിൽ മെസി നേടിയ റെക്കോർഡാണ് എർലിങ് ബ്രൂട്ട് ഹാലൻഡ് നിലവിലെ ഫോം തുടർന്നാൽ തകർത്തെറിയപ്പെടുമെന്ന് ആരാധകർ വിശ്വസിക്കുന്നത്. ആ സീസണിൽ സ്‌പാനിഷ്‌ ലീഗിൽ അമ്പതു ഗോളുകളാണ് മെസി നേടിയത്. യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇതോടെ മെസിയുടെ പേരിലാണ്. 46 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അതിന്റെ അരികിൽ എത്തിയിട്ടുണ്ടെങ്കിലും റെക്കോർഡ് മറികടക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ ഗോൾവേട്ട എർലിങ്ങ് ഹാലാൻഡ് തുടർന്നാൽ മെസിയുടെ റെക്കോർഡ് പഴങ്കഥയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

പ്രീമിയർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി വെസ്റ്റ് ഹാമിനെതിരെ ഇരട്ടഗോളുകളാണ് എർലിങ് ഹാലൻഡ് നേടിയത്. അതിനു ശേഷം ബോൺമൗത്തിനെതിരെ നടന്ന മത്സരത്തിൽ ഒരു അസിസ്റ്റ് നൽകിയ താരം ന്യൂകാസിലിനെതിരെ നടന്ന അടുത്ത മത്സരത്തിൽ ഒരു ഗോൾ കൂടി നേടി. അതിനു ശേഷം ക്രിസ്റ്റൽ പാലസ്, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവർക്കെതിരായ മത്സരങ്ങളിൽ തുടർച്ചയായ ഹാട്രിക്ക് കുറിച്ച നോർവീജിയൻ താരം താൻ പ്രീമിയർ ലീഗിനോടും മാഞ്ചസ്റ്റർ സിറ്റിയോടും ഇണങ്ങിച്ചേർന്നുവെന്ന് തെളിയിച്ചു. താരത്തിന്റെ മികച്ച ഫോം മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെയും വളരെയധികം വർധിപ്പിക്കുന്നുണ്ട്.

Rate this post
Erling HaalandLionel MessiManchester city