ഹാലൻഡിനു തൊടാൻ കഴിഞ്ഞില്ല, അഞ്ചു ഗോൾ നേടിയിട്ടും മെസിയുടെ റെക്കോർഡ് ഭദ്രം

ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് എർലിങ് ഹാലാൻഡിനു എക്കാലവും പ്രിയപ്പെട്ടതാണ്. ആർബി സാൽസ്ബർഗിൽ കളിക്കുമ്പോൾ ചാമ്പ്യൻസ് ലീഗിൽ നടത്തിയ പ്രകടനം തന്നെയാണ് താരത്തെ യൂറോപ്പിലെ ശ്രദ്ധകേന്ദ്രമാക്കിയത്. കഴിഞ്ഞ ദിവസവും അതുപോലൊരു ഗംഭീരപ്രകടനം നടത്തിയ നോർവീജിയൻ താരം അഞ്ചു ഗോളുകളാണ് ആർബി ലീപ്‌സിഗിന്റെ വലയിൽ അടിച്ചു കയറ്റിയത്.

കഴിഞ്ഞ ദിവസം അഞ്ചു ഗോളുകൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകൾ നേടിയ മൂന്നാമത്തെ താരമായി ഹാലാൻഡ് മാറിയിരുന്നു. ഇതിനു മുൻപ് ലയണൽ മെസി ബയേർ ലെവർകൂസനെതിരെയും ലൂയിസ് അഡ്രിയാനോ ബേറ്റ് ബോറിസോവിനെതിരെയുമാണ് ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകൾ നേടിയത്. അറുപത്തിമൂന്നാം മിനുട്ടിൽ പകരക്കാരനെ ഇറക്കിയില്ലെങ്കിൽ ഹാലാൻഡിന്റെ ഗോളുകളുടെ എണ്ണം വർധിച്ചേനെ.

എന്നാൽ അഞ്ചു ഗോൾ നേട്ടത്തിലും മെസിയുടെ ഒരു റെക്കോർഡ് മറികടക്കാൻ നോർവീജിയൻ താരത്തിന് കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീഗിൽ പെനാൽറ്റി ഗോളുകൾ ഇല്ലാതെ അഞ്ചു ഗോൾ നേടിയ താരമെന്ന റെക്കോർഡാണ് ഇപ്പോഴും ലയണൽ മെസിയുടെ പേരിലുള്ളത്. എർലിങ് ഹാലൻഡും ലൂയിസ് അഡ്രിയാനോയും അഞ്ചു ഗോൾ നേടിയപ്പോൾ അവരുടെ ആദ്യത്തെ ഗോൾ പെനാൽറ്റിയിലൂടെയാണ് പിറന്നത്.

ലയണൽ മെസിയുടെ അഞ്ചു ഗോൾ നേട്ടം കഴിഞ്ഞ വർഷവും നമ്മൾ കണ്ടതാണ്. ഇന്റർനാഷണൽ ബ്രേക്കിൽ എസ്റ്റോണിയക്കെതിരെ അർജന്റീന ദേശീയ ടീമിന് വേണ്ടിയാണ് മെസി അഞ്ചു ഗോൾ നേടിയത്. അന്നത്തെ മത്സരത്തിൽ അർജന്റീന അഞ്ചു ഗോളുകൾക്ക് വിജയിച്ചപ്പോൾ മുഴുവൻ ഗോളുകളും ടീമിന്റെ നായകനായ ലയണൽ മെസിയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്.

Rate this post
Lionel Messi