ഈ കഴിഞ്ഞ രണ്ട് സീസൺകളിലും റയൽ മാഡ്രിഡ് നേരിട്ട പ്രധാനപ്രശ്നം എന്തെന്നാൽ ഗോളടിക്കാൻ ആളില്ല എന്നുള്ളതായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷം റയൽ മാഡ്രിഡ് ഗോൾക്ഷാമം നേരിട്ടു എന്നുള്ളത് ഒരു യാഥാർഥ്യമായിരുന്നു. അതിനാൽ തന്നെ മികച്ച മുന്നേറ്റനിര താരങ്ങളെ ടീമിൽ എത്തിക്കാനുള്ള എല്ലാ വിധ തയ്യാറെടുപ്പുകളും റയൽ മാഡ്രിഡ് നടത്തികൊണ്ടിരിക്കുകയാണിപ്പോൾ.
അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിന്റെ പ്രധാനലക്ഷ്യം പിഎസ്ജി സ്ട്രൈക്കർ കിലിയൻ എംബാപ്പെയാണ്. പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ് എംബാപ്പെ എന്നുള്ളത് മുമ്പ് തന്നെ വ്യക്തമായ കാര്യമാണ്. താരത്തിന് റയൽ മാഡ്രിഡ് തന്നെയാണ് ആഗ്രഹമെങ്കിലും ഈയിടെയായി വലിയ വെല്ലുവിളി ഉയർത്തി കൊണ്ട് ലിവർപൂൾ രംഗത്ത് വന്നേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ 2021-ലെ റയലിന്റെ ലക്ഷ്യം എംബാപ്പെ തന്നെയെന്ന കാര്യത്തിൽ സംശയമില്ല.
2022-ലെ ട്രാൻസ്ഫർ ജാലകത്തിൽ ലക്ഷ്യമിടേണ്ട താരത്തെ ഇപ്പോൾ തന്നെ കണ്ടു വെച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്. അത് മാറ്റാരുമല്ല, ബൊറൂസിയയുടെ എർലിങ് ഹാലണ്ടിനെയാണ് 2022-ൽ റയൽ മാഡ്രിഡിന് വേണ്ടത്. താരത്തെ ടീമിൽ എത്തിക്കാമെന്നുള്ള കടുത്ത ശുഭാപ്തി വിശ്വാസത്തിലാണ് റയൽ മാഡ്രിഡ് ഉള്ളതെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് പറയുന്നത്. 2022-ൽ താരം ക്ലബ് വിടുമെന്ന് ബൊറൂസിയയെ അറിയിച്ചിട്ടുണ്ട്.അത്കൊണ്ട് തന്നെ മറ്റേതെങ്കിലും ക്ലബ് റാഞ്ചുന്നതിന് മുമ്പ് താരത്തെ സ്വന്തമാക്കാൻ റയൽ ഇപ്പോഴേ വഴി വെട്ടുകയാണ്.
നിലവിൽ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും മികച്ച ബന്ധത്തിലാണ് ഉള്ളത്. റയൽ പ്രസിഡന്റ് പെരെസും ബൊറൂസിയ സിഇഒ ഹാൻസ് വോക്കിമും തമ്മിൽ മികച്ച ബന്ധത്തിൽ തന്നെയാണ്. അഷ്റഫ് ഹാക്കിമി, റെയ്നീർ ജീസസ് എന്നീ റയൽ മാഡ്രിഡ് താരങ്ങൾ ബൊറൂസിയയിലേക്ക് ലോണിൽ പോയിരുന്നു. ഈ ട്രാൻസ്ഫറുകൾ വഴിയുള്ള ബന്ധം ഹാലണ്ടിന്റെ കാര്യത്തിൽ തുണയാകുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്. അത്കൊണ്ട് തന്നെ ആ വഴിയിലൂടെ നീങ്ങാനാണ് റയൽ മാഡ്രിഡിന്റെ പദ്ധതി.