റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബൊറൂസിയ ഡോർട്മുണ്ടിലേക്കു ചേക്കേറിയ എർലിംഗ് ബ്രൂട് ഹാലൻഡ് അടുത്തതായി ചേക്കേറുക ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിലേക്കായിരിക്കുമെന്ന് താരത്തിന്റെ മുൻ ക്ലബിന്റെ സ്പോർടിംഗ് ഡയറക്ടറായ ക്രിസ്റ്റോഫ് ഫ്രൂൻഡ്. ജർമൻ ഇതിഹാസമായ ലോതർ മത്തേയൂസിനൊപ്പം സ്കൈ സ്പോർട്സിനോടു സംസാരിക്കുമ്പോഴാണ് ഇക്കാര്യം ഫ്രൂൻഡ് വെളിപ്പെടുത്തിയത്.
താരം അടുത്തതായി ചേക്കേറുന്ന ക്ലബ് ലിവർപൂൾ ആയിരിക്കുമല്ലേയെന്ന മത്തേയുസിന്റെ ചോദ്യത്തിനോടു ഫ്രൂൻഡിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “അവിടേക്കു തന്നെയാണ് അദ്ദേഹമെത്താൻ പോകുന്നത്. ലോകത്തിലെ ഏതു ക്ലബിലും ഹാലൻഡിനു കളിക്കാൻ കഴിയും. താരത്തിന്റെ മനോഭാവവും ആത്മവിശ്വാസവും വെച്ച് അടുത്ത പത്തു വർഷത്തേക്ക് യൂറോപ്പിന്റെ മുൻനിരയിൽ തുടരാനും കഴിയും.”
“ഡോർട്മുണ്ട് ലോകത്തിലെ പത്തു മികച്ച ടീമുകളിൽ ഒന്നാണെങ്കിലും ആദ്യത്തെ ആറു ടീമുകളിൽ കളിക്കാനാവും ഹാലൻഡിനു താൽപര്യം. ലെവൻഡോവ്സ്കി രണ്ടു മൂന്നു വർഷം കൂടി ബയേണിൽ ഉണ്ടാകുമെന്നതിനാൽ താരം അവിടെയെത്താൻ സാധ്യതയില്ല. അത്രയും കാലം ഒരിക്കലും ഹാലൻഡ് ഡോർട്മുണ്ടിൽ തുടരില്ല.” ഫ്രൂൻഡ് വ്യക്തമാക്കി.
ലിവർപൂളിനോടുള്ള തന്റെ താൽപര്യം മുൻപ് തന്നെ ഹാലൻഡ് വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്. കഴിഞ്ഞ സീസണിൽ തകർപ്പൻ ഫോമിൽ കളിച്ച താരം ഇത്തവണയും അതേ മികവു പുറത്തെടുക്കുന്നുണ്ട്. നാൽപത്തിനാലു ഗോളുകൾ കഴിഞ്ഞ സീസണിൽ നേടിയ ഹാലൻഡ് ഇത്തവണ എട്ടു പ്രാവശ്യം ഇതുവരെ വല കുലുക്കിയിട്ടുണ്ട്.