മെസിയുടെ എട്ടാം ബാലൺ ഡി ഓർ നേട്ടത്തിന് ഭീഷണിയായി ഹാലാൻഡിന്റെ കുതിപ്പ്
ക്ലബ് തലത്തിൽ ഈ സീസണിൽ ലീഗ് കിരീടം മാത്രമേ നേടിയുള്ളൂവെങ്കിലും ലോകകപ്പിൽ ലയണൽ മെസി കാണിച്ചത് അസാമാന്യമായ പ്രകടനമായിരുന്നു. അർജന്റീനയെ മുന്നിൽ നിന്ന് നയിച്ച താരത്തിന് ലോകകപ്പ് സ്വന്തമാക്കാനും കഴിഞ്ഞിരുന്നു. അതിനു ശേഷം നിരവധി പുരസ്‌കാരങ്ങളാണ് ലയണൽ മെസിയെ തേടിയെത്തിയത്. അതിൽ ഫിഫ ബെസ്റ്റ് പുരസ്‌കാരവും ഉൾപ്പെടുന്നു.
ലോകകപ്പും അതിനു ശേഷം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയതിനാൽ തന്നെ ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. നിലവിൽ ഏഴു പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള താരം ഒരിക്കൽ കൂടി ബാലൺ ഡി ഓർ സ്വന്തമാക്കിയാൽ ആ റെക്കോർഡിന്റെ കാര്യത്തിൽ മറ്റുള്ളവർക്ക് തൊടാൻ സാധിക്കാത്ത ഉയരത്തിലേക്ക് കുതിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
അതേസമയം ലയണൽ മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിന് വലിയ ഭീഷണിയാണ് മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലാൻഡ് ഉയർത്തുന്നത്. ഈ സീസണിൽ മൂന്നു കിരീടങ്ങൾ നേടാൻ സാധ്യതയുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുകയാണ് താരം. നിരവധി റെക്കോർഡുകൾ പ്രീമിയർ ലീഗിലെ ആദ്യത്തെ സീസണിൽ തന്നെ സ്വന്തമാക്കിയ താരം ഗംഭീര ഫോമിലാണ് കളിക്കുന്നത്.
ഈ സീസണിൽ 42 മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഇറങ്ങിയ താരം 49 ഗോളുകളാണ് നേടിയത്. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകളെന്ന സലായുടെ റെക്കോർഡ് 33 ഗോളുകൾ നേടിയ താരം മറികടന്നു. ഇനിയും ലീഗിൽ മത്സരങ്ങൾ ഒരുപാട് അവശേഷിക്കുന്നതിനാൽ ഗോളുകളുടെ എണ്ണം നാൽപതു കടത്താൻ താരത്തിന് നിഷ്പ്രയാസം കഴിയും.
Mo Salah’s record broken for the most goals in a 38 game #PL season.
— Fabrizio Romano (@FabrizioRomano) April 26, 2023
33 Premier League goals.
2 assists and one goal tonight.
49 goals in 42 games as Manchester City player this season.
Erling Haaland doing Erling Haaland things, again. 🧘🏼♂️✨ #MCFC pic.twitter.com/rwPDQGhJAB
പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് എന്നീ ട്രിപ്പിൾ കിരീടങ്ങൾ നേടാനാണ് ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സാധ്യതയുള്ളത്. ഈ മൂന്നു കിരീടങ്ങളും സ്വന്തമാക്കാൻ കഴിഞ്ഞാൽ ഹാലാൻഡിന്റെ ബാലൺ ഡി ഓർ സാധ്യത വളരെയധികം വർധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്ലബ് തലത്തിൽ ലയണൽ മെസിക്ക് കാര്യമായി നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്നത് അർജന്റീന നായകൻറെ സാധ്യതയെ ബാധിക്കുകയും ചെയ്യും.